ബോളിവുഡ് നടൻ ഓം പുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിടവാങ്ങുന്നത് അഭിനയരംഗത്തെ ഇതിഹാസം - Kairalinewsonline.com
ArtCafe

ബോളിവുഡ് നടൻ ഓം പുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിടവാങ്ങുന്നത് അഭിനയരംഗത്തെ ഇതിഹാസം

സമാന്തര സിനിമയുടെ അഭിനയമുഖമായിരുന്നു ഓം പുരി എന്ന അഭിനയ ഇതിഹാസം

മുംബൈ: ബോളിവുഡ് നടനും അഭിനയ ഇതിഹാസവുമായ ഓം പുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും ഗാംഭീര്യമുള്ള ശബ്ദം കൊണ്ടും സിനിമാ മേഖലയിൽ തന്റേതായ ഇടം സൃഷ്ടിച്ച നടനായിരുന്നു അദ്ദേഹം. കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും അദ്ദേഹം ഒരുപോലെ കഴിവു തെളിയിച്ചു. ഇന്ത്യൻ സിനിമകൾക്കു പുറമേ അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി സാന്നിധ്യം അറിയിച്ചു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ഹരിയാനയിലുള്ള അംബാലയിൽ 1950 ഒക്ടോബർ 18നാണ് അദ്ദേഹം ജനിച്ചത്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ഓം പുരി ദില്ലിയിലെ നാഷ്ണൽ സ്‌കൂൾ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്. സ്‌കൂൾ ഓഫ് ഡ്രാമയിൽ നസറുദ്ദീൻ ഷായുടെ സഹപാഠിയായിരുന്നു അദ്ദേഹം.

1976ൽ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അംരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ കൂടെയും ഓം പുരി അഭിനയിച്ചിട്ടുണ്ട്. ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

മൂന്നു മലയാള ചിത്രങ്ങളിലും ഓം പുരി അഭിനയിച്ചിട്ടുണ്ട്. പുരാവൃത്തം, ആടുപുലിയാട്ടം, സംവൽസരങ്ങൾ എന്നിവയാണ് അദ്ദേഹം സാന്നിധ്യം അറിയിച്ച മലയാള ചിത്രങ്ങൾ. 1990-കളുടെ മധ്യത്തോടെ അദ്ദേഹം അഭിനയപ്രാധാന്യമുള്ള ചിത്രത്തിലേക്കു മാറിത്തുടങ്ങിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ഭാവിയിലെ അഭിനയജീവിതത്തിൽ ഏറെ വഴിത്തിരിവുണ്ടാക്കി. ജീവിതസാഹചര്യങ്ങളെ വിശദീകരിക്കുന്ന കഥാപാത്രങ്ങളെ ഓം പുരി അത്രയേറെ തൻമയത്വത്തോടെ അദ്ദേഹം അവതരിപ്പിച്ചു.

ഹോളിവുഡ് സിനിമകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. ബ്രിട്ടീഷ്-അമേരിക്കൻ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസർ (2001) എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം ഹോളിവുഡിൽ സാന്നിധ്യം അറിയിച്ചത്.

സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്‌നെസ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്‌കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങളിലും ഹോളിവുഡിൽ ഓംപുരി അഭിനയിച്ചു. ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 1982-ൽ ആരോഹണിലെയും 1984-ൽ അർധ് സത്യയിലെയും അഭിനയങ്ങളാണ് അദ്ദേഹത്തിനു മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചത്. ആക്രോശിലെ അഭിനയത്തിനു 1981-ൽ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

To Top