ഇതല്ല എന്‍റെ ബംഗളുരു…

ഴിഞ്ഞ 11 വർഷമായി ബംഗളുരു ന​ഗരത്തിൽ താമസിക്കുന്ന സ്ത്രീയാണ് ഞാൻ. ഈ ന​ഗരം ശരിക്കും എനിക്കൊരു രണ്ടാംവീട് തന്നെയാണ്. ജോലിസംബന്ധമായും അല്ലാതെയും എനിക്ക് ഒറ്റക്കും കൂട്ടോടെയും പല തരത്തിൽ ഈ ന​ഗരത്തിൽ രാത്രിയിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.

എന്റെ പേരിൽ പോലും രാത്രിയുടെ കണക്ഷൻ ഉള്ളതിനാലാണോ എന്നറിയില്ല, ഈ ന​ഗരത്തിന്റെ രാത്രികളോട് ഒരിക്കൽ പോലും എനിക്കൊരു പേടിയും തോന്നിയിട്ടില്ല. കാരണം ബംഗളുരു ന​ഗരത്തിന്റെ രാത്രികൾ എന്നും സജീവമായിരുന്നു ആണ്. അതിൽ നൃത്തമുണ്ട്, പാട്ടുണ്ട്, യാത്രകളുണ്ട്, രതിയുണ്ട്… എല്ലാത്തിനുമപ്പുറം സ്വന്തമെന്ന തോന്നല്‍ ഉണ്ട്. പക്ഷേ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബംഗളുരുവിനെക്കുറിച്ച് ലോകം മുഴുവന്‌ കേൾക്കുന്നത് മറ്റൊരു തരം വാർത്തയാണ്. നാണം കൊണ്ട് തല കുനിച്ച ബംഗളുരു എന്നും മോശം ന​ഗരം എന്നും മറ്റുമുള്ള തലക്കെട്ടുകൾ ഉപയോ​ഗിച്ചുള്ള ഓരു വാർത്തയാണ് ഇതിനാധാരം. ന​ഗരത്തിലെ ഓരു പ്രമുഖ ടാബ്ലോയിഡ് പത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

മറ്റൊരു ന​ഗരവുമായി താരതമ്യം ചെയ്ത് ഈ ന​ഗരത്തെ ന്യായീകരിക്കുവാനോ ഓന്നും തന്നെ ഞാൻ മുതിരുന്നില്ല. പക്ഷെ, പുതുവർഷത്തലേന്നു രാത്രി ഉണ്ടായെന്ന പറയപ്പെടുന്ന സംഭവം കൊണ്ട് ഈ ന​ഗരം കൊള്ളരുതാത്ത ന​ഗരമായി മാറി എന്ന പറയുന്നതിനോട് എനിക്ക് ഒട്ടുംതന്നെ യോജിപ്പില്ല. അങ്ങനൊരു വാർത്താ തലക്കെട്ടും അതിലെ ഉള്ളടക്കവും വളരെയധികം കബളിപ്പിക്കുന്നതാണെന്നേ എനിക്ക് പറയാനുള്ളൂ. സത്യമെന്തെന്നും നുണയെന്തെന്നുമുള്ള തിരിച്ചറിവ് കൃത്യമായി ഇല്ലാതെ ഈ സംഭവം സോഷ്യൽ മീഡിയ കൂടി ഏറ്റെടുത്തതോടെ, സത്യം പറയാമല്ലോ, ഞാൻ ശരിക്കും അങ്കലാപ്പിലായി. ഞാൻ വായിച്ചു കൊണ്ടിരിക്കുന്നതിൽ ഏതാണ് സത്യം ഏതാണ് കെട്ടിച്ചമച്ചത് എന്നറിയാനാവാത്ത വിധം വാർത്താ വിസ്ഫോടനമായിരുന്നു പിന്നീട് കണ്ടത്. കൂട്ടമായ ലൈംഗികാതിക്രമം എന്നും ബലാത്സംഗം എന്നും വരെ എഴുതി പടച്ചുവിട്ട സംഭവങ്ങളായിരുന്നു അതിലധികവും. ഞാൻ ജീവിക്കുന്ന ഈ ന​ഗരം ഓരു രാത്രി കൊണ്ട് അത്ര ഭയാനകമായോ എന്നായി എന്റെ സംശയം.

ഇനി കുറച്ച് ഫ്ലാഷ്ബാക്ക്

വർഷങ്ങൾക്ക് മുമ്പ് പഠനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകയായി ജോലിക്കുള്ള നിയമനം ഇവിടെ ആകുമെന്നറിഞ്ഞപ്പോൾ രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ സന്തോഷിച്ചത്. ഒന്ന്: ഈ ന​ഗരത്തിന്റെ ഭയമില്ലാത്ത രാത്രികളും ഇവിടത്തെ സ്വാതന്ത്ര്യവും. രണ്ട്: വീട്ടിലേക്ക് ഒരു രാത്രി കൊണ്ട് പോയ വരാവുന്ന ദൂരം. കേരളത്തിൽ ജനിച്ച എനിക്ക് അവിടത്തെ രാത്രികൾ പേടി കൂടാതെ കാണാൻ (രാത്രി പോയിട്ടു പകൽ പോലും ചിലപ്പോൾ ഞങ്ങളിൽനിന്ന് അന്യമായേക്കും) ഇനിയും എത്ര പ്രകാശ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. അതിനാൽ ബംഗളുരു ന​ഗരം എനിക്കൊരു ബോണസാണ് തന്നതെന്ന് പറയാതെ വയ്യ.

ഇവിടെ വന്ന കാലത്ത് ഈ ന​ഗരത്തിന്റെ തിരക്കേറിയ ഭാ​ഗമായ മജെസ്റ്റിക്, എം ജി റോഡ്, ബ്രി​ഗേഡ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കു രാത്രികളിലും പുലർച്ചെകളിലും സ്ത്രീകൾ‌ വളരെ കുറച്ച് മാത്രമേ കടന്നു വന്നിരുന്നുള്ളൂ. ഞങ്ങൾ, ജോലിയുടെ ഭാ​ഗമായി ​ഇവിടങ്ങളിലൂടെ നടക്കുമ്പോൾ സ്ത്രീകളുടെ എണ്ണം അന്നൊക്കെ വളരെ കുറവായിരുന്നു.

എന്നാൽ പിന്നീട് അത് ഓരോ വർഷം തോറും കൂടിക്കൂടി വന്നു. 2011- ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയ ദിവസം ആഘോഷത്തിമർപ്പിൽ എം ജി റോഡിലും ബ്രി​ഗേഡ് റോഡിലും കറങ്ങി നടന്ന എനിക്ക് കൂടുതൽ സ്ത്രീകളുടെ സാന്നിധ്യം കണ്ടപ്പോൾ ശരിക്കും സന്തോഷമാണ് തോന്നിയത്. ഈ വർഷത്തെ പുതുവത്സരാഘോഷത്തിലും സ്ത്രീകളുടെ സാന്നിധ്യം മുൻ വർഷത്തേക്കാള്‌ വളരെ കൂടുതൽ ആയിരുന്നുവെന്ന് അവിടെ ആ സമയത്ത് ഉണ്ടായിരുന്ന ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

പിന്നെ എങ്ങനെയാണ് ഇത്തരമൊരു സംഭവത്തെ ഓരു സ്ത്രീയെന്ന നിലയിൽ ഞാൻ മനസ്സിലാക്കേണ്ടത്? പ്രമുഖ ദിനപത്രത്തിലെ മാധ്യമപ്രവർത്തകയായ ജോനറ്റ് ​ഗുരുദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ ഒരു ഭാ​ഗം ഈ അവസ്ഥയിൽ ഇതുമായി കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്. രാത്രി ഷിഫ്റ്റിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ജോലി ചെയ്യുന്ന ജോനറ്റ് പുതുവത്സരാഘോഷത്തിനിടെ നടന്നതെന്ന പറയപ്പെടുന്ന അതിക്രമത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: സ്ത്രീകൾക്കു നേരെയുള്ള ഇത്തരം ലൈം​ഗികാതിക്രമങ്ങൾ എല്ലാ ജനക്കൂട്ടങ്ങൾക്കിടയിലും സംഭവിക്കും. അതിന് ഇത്തരമൊരു വേഷം ധരിക്കണമെന്നോ, മദ്യം കഴിക്കണമെന്നോ അല്ലെങ്കിൽ നാം അതിന് തയ്യാറാണെന്ന തരത്തിലുള്ള ശരീരഭാഷയുമായി നിൽക്കണമെന്നോ ഇല്ല. ഒരിക്കൽ ഒരു മതസംബന്ധിയായ റാലിക്കിടക്ക് എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായി. എനിക്കറിയാം എന്നെപ്പോലെ ഒട്ടേറെ സ്ത്രീകൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഇത്തരത്തിലുള്ള അതിക്രമത്തിനു വിധേയരായിട്ടുണ്ടാവും. ഇത്തരം അതിക്രമങ്ങൾ ഉണ്ടാവരുതെന്ന് മറ്റുള്ളവരെപ്പോലെ ഞാനും ആ​ഗ്രഹിക്കുന്നുണ്ട്, ആത്മാർഥമായി. നമ്മൾ എല്ലാവരും സ്വപ്നം കാണുന്ന യുടോപ്യയിൽ അല്ല ജീവിക്കുന്നത് എന്ന ഉത്തമ​ബോധ്യം ഉള്ളതിനാൽ അങ്ങനൊരു കാലം വരുന്നതു വരെ എല്ലാ സ്ത്രീകളോടും സൂക്ഷിക്കാൻ ഞാൻ പറയുക തന്നെ ചെയ്യും.

അപ്പോൾ പ്രശ്നം എവിടെയാണന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ. സ്ഥലം മാറിയത് കൊണ്ടോ, സംഭവം മാറിയത് കൊണ്ടോ ഇത്തരമൊരു അതിക്രമം നടക്കാതിരിക്കുന്നില്ല. അതിനാൽ മനുഷ്യരുടെ ചിന്താ​ഗതിയിലാണ് മാറ്റം വരേണ്ടത് എന്നെനിക്ക് തോന്നുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, അത് ബംഗളുരുവാകട്ടെ കേരളമാകട്ടെ ദില്ലിയാകട്ടെ ബിഹാറാകട്ടെ, അവരെ ഉപദ്രവിക്കുകയോ അതിക്രമിക്കുകയോ ചെയ്യുന്നത് ശരിയല്ലെന്ന് സ്വയം ഒരു തോന്നലാണ് ഉണ്ടാവേണ്ടത്. അങ്ങനെ എല്ലാവർക്കും തോന്നുന്ന ഒരു
“കിണാശേരിയാണ്” എന്റെ സ്വപ്നം. അതില്ലാത്തിടത്തോളം കാലം എല്ലായിടത്തും ഇത്തരം അക്രമങ്ങൾ തുടരുക തന്നെ ചെയ്യും.

(ചെറുതുരുത്തി സ്വദേശിയായ യാമിനി മാതൃഭൂമി ദിനപത്രത്തിന്‍റെ ബംഗളുരു ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. ഇപ്പോള്‍ ബംഗളുരു ആസ്ഥാനമായുള്ള പെപ്പര്‍ മീഡിയയില്‍ കണ്ടന്‍റ് എഡിറ്റര്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News