കണ്ണൂരിലെ ജനക്കൂട്ടം മോശമായി പെരുമാറി; ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: പുതുവര്‍ഷപുലരിയില്‍ ബംഗളൂരുവില്‍ യുവതികളെ ഒരുകൂട്ടം അപമാനിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ബംഗളൂരു പോലെ ഒരു അത്യാധുനിക നഗരത്തില്‍ ഇത്തരം സംഭവം നടന്നത് തന്നെ ഞെട്ടിച്ചെന്നും താഴേത്തട്ടിലുള്ള പൊലീസുകാരില്‍ പലര്‍ക്കും ഉന്നതവിദ്യാഭ്യാസമില്ലാത്തതും പ്രശ്‌നമാണെന്ന് രഞ്ജിനി പറഞ്ഞു. ഇത്തരം സംഭവങ്ങളെ അവര്‍ നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നതെന്നും രഞ്ജിനി ആരോപിക്കുന്നു.

ഒരിക്കല്‍ കണ്ണൂരില്‍ വച്ച് തനിക്ക് നേരിട്ട സംഭവത്തെക്കുറിച്ചും രഞ്ജിനി പറയുന്നു. ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുമ്പോള്‍ ആള്‍ക്കൂട്ടം തന്നോട് മോശമായി പെരുമാറിയെന്നാണ് രഞ്ജിനിയുടെ ആരോപണം. ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു. എന്നാല്‍ ഒരുകൂട്ടമാളുകള്‍ ഒന്നിച്ച് വരുമ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നും പരാതിയുമായി ചെല്ലുന്നവരോട് മോശമായാണ് പൊലീസ് പലപ്പോഴും പെരുമാറുന്നതെന്നും രഞ്ജിനി പറഞ്ഞു. പല സ്ത്രീകള്‍ക്കും ഇത്തരം സംഭവങ്ങളില്‍ കേസ് കൊടുക്കാന്‍ പോലും അറിയില്ലെന്നും രഞ്ജിനി പറയുന്നു.

ജനങ്ങള്‍ക്ക് നിയമത്തെ ഭയമില്ലാതായിരിക്കുന്നു. നിര്‍ഭയ കേസ് അതാണ് തെളിയിച്ചത്. ആ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി രക്ഷപെട്ടതിന് തുല്യമാണ്. നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇതെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു. പീഡനത്തിന് ഇരയാകുന്ന സ്ത്രീ പരാതി നല്‍കിയാല്‍ അതിന് തീര്‍പ്പ് കല്‍പ്പിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഇതൊന്നും പരിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നില്ലെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News