മോദി കള്ളപ്പണം വെള്ളപ്പണമാക്കി മാറ്റിയെന്ന് സീതാറാം യെച്ചൂരി; കള്ളപ്പണക്കാരെ തൊടാന്‍ മോദിക്ക് സാധിച്ചില്ല; മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്നു

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നോട്ടുഅസാധുവാക്കലിലൂടെ കള്ളപ്പണവും കള്ളനോട്ടും സ്വീകരിച്ച് വെള്ളപ്പണമാക്കുകയാണ് ചെയ്തതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 31 വരെയുള്ള കണക്കുവെച്ച് അസാധുവാക്കിയതില്‍ കൂടുതല്‍ പണം തിരികെ എത്തിയതായി ഭയക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് അനുബന്ധമായി പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

മോദി ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ജനങ്ങളുടെ പണം പിടിച്ചെടുത്തിട്ട് ചില ഇളവുകള്‍ നല്‍കാമെന്നാണ് അവരോട് പറയുന്നത്. നോട്ട് അസാധുവാക്കിയ നടപടിയുടെ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കള്ളപ്പണം എല്ലാം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞു എന്നാണവര്‍ പറയുന്നത്.

എന്നാല്‍, 2014ലെ തെരഞ്ഞെടുപ്പ് റാലികളില്‍ മോഡി അവകാശപ്പെട്ടത് കള്ളപ്പണം 90 ശതമാനവും വിദേശത്താണെന്നും അത് തിരിച്ചുപിടിക്കുമെന്നാണ്. വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഇതുവരെ ഒരു നടപടിപോലും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. പിന്നെങ്ങനൊയാണ് കള്ളപ്പണം തിരികെ പിടിച്ചെന്ന് അവകാശപ്പെടുന്നതെന്നും യെച്ചൂരി ചോദിച്ചു.

അവകാശപ്പെടുന്നത് പോലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെങ്കില്‍ എന്തുകൊണ്ടാണ് ജനത്തിന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് എന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ജനത്തിന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ചചെയ്‌തെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ച് അരി വിതരണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വര്‍ഗീയ ഭിന്നിപ്പുകള്‍ക്കായുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ചെറുക്കാന്‍ മുന്നില്‍നിന്ന് പോരാടുന്ന സിപിഐഎമ്മിലാണ് രാജ്യത്തെ ജനത ഭാവി കാണുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, ബിമന്‍ ബസു തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News