തിരുവനന്തപുരം: പാക്കിസ്ഥാന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ശ്രദ്ധേയമായ കേരള സൈബര്‍ വാരിയേസ് ഇനി സോഷ്യല്‍മീഡിയയിലെ ഞരമ്പുരോഗികള്‍ക്ക് പിന്നാലെ. വ്യാജ അക്കൗണ്ടുകള്‍ വഴി സ്ത്രീകളോട് അശ്ലീലം പറയുന്നവരെയാണ് സൈബര്‍ വാരിയേസ് ലക്ഷ്യമിട്ടിരിക്കുന്നത്.
യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമേ, വ്യക്തിയുടെ ഫോണ്‍ നമ്പര്‍, ഐപി അഡ്രസ്, വീട്ടുവിലാസം തുടങ്ങിയ സകല വിവരങ്ങളും പരസ്യപ്പെടുത്തുമെന്നാണ് സൈബര്‍ വാരിയേസിന്റെ മുന്നറിയിപ്പ്.
ഇന്നു മുതലാണ് വ്യാജ അക്കൗണ്ടിലൂടെ അശ്ലീലം പറയുന്നവരെ ലക്ഷ്യമിട്ട് സൈബര്‍ വാരിയേസ് പണി തുടങ്ങിയത്. ഐശ്വര്യ അജി എന്ന വ്യാജ അക്കൗണ്ട് വഴി ചാറ്റ് ചെയ്യുന്ന ആലപ്പുഴ സ്വദേശിയുടെ വിവരങ്ങളും സൈബര്‍ വാരിയേസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് പരാതികള്‍ ലഭിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും ഫോട്ടോ ഉപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും സൈബര്‍ വാരിയേസ് അറിയിച്ചു.
നേരത്തെയും സെക്സ് ചാറ്റുകള്‍ നടത്തിയിരുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ഇത്തരത്തില്‍ പിടിക്കപ്പെട്ട ഒരാള്‍ ആത്മഹത്യ ഭീക്ഷണി മുഴക്കി സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നെന്നും കേരള സൈബര്‍ വാരിയേസ് അറിയിച്ചു.
എന്നാല്‍ ഇപ്പോഴത്തേത് അവസാന മുന്നറിയിപ്പാണെന്നും അശ്ലീലം പറയുന്ന വ്യാജ പ്രൊഫൈലുകളും പേജുകളും എത്രയും പെട്ടെന്ന് ഡിആക്ടിവേറ്റ് ചെയ്യണമെന്നും സൈബര്‍ വാരിയേസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here