സ്റ്റീഫൻ ഹോക്കിംഗിന്റെ ജൻമദിനം

ജീവിതത്തെ വീൽചെയറിൽ തളച്ചിട്ട വിധിയോടു പൊരുതി ലോക ഭൗതികശാസ്ത്രത്തിന്റെ അധിപനായി മാറിയ സ്റ്റീഫൻ ഹോക്കിംഗിന്റെ ജൻമദിനമാണ് ഇന്ന്. 1942 ജനുവരി എട്ടിനാണ് സ്റ്റീഫൻ ഹോക്കിംഗ് ജനിച്ചത്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെ കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിക്കുന്നു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസിന്റെയും ഇസബെൽ ഹോക്കിൻസിന്റെയും മകനായി ജനിച്ച സ്റ്റീഫനെ ഡോക്ടറാക്കാനായിരുന്നു അച്ഛനമ്മമാർക്ക് താൽപര്യം. പക്ഷേ, സ്റ്റീഫൻ ഹോക്കിംഗിനു ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമായിരുന്നു താൽപര്യം. പതിനൊന്നാം വയസ്സിൽ സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട് ഫോർഡ് ഷെയറിലെ സെന്റ് ആൽബൻസ് സ്‌കൂളിൽ ചേർന്നു.

17-ആം വയസ്സിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991ൽ അവർ വിവാഹമോചനം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here