പതിനാറുകാരിയുടെ വയറ്റിൽ മനുഷ്യരൂപമുള്ള ട്യൂമര്‍; തലച്ചോറും മുടിയും എല്ലുകളും; അമ്പരന്ന് വൈദ്യശാസ്ത്ര ലോകം

ടോക്കിയോ: അപ്രൻഡിക്‌സ് ഒഴിവാക്കാൻ ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനാറുകാരിയുടെ വയറിൽ കണ്ട ട്യൂമർ വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാകുന്നു. മനുഷ്യരൂപമുള്ള ട്യൂമർ ആണ് പതിനാറുകാരിയുടെ വയറ്റിൽ കണ്ടെത്തിയത്. പൂർണ വളർച്ചയെത്താത്ത ഒരു തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റർ വിസ്താരമുള്ള ട്യൂമർ ആണ് കണ്ടെത്തിയത്. പതിനാറുകാരി ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അപ്രൻഡിക്‌സിനു വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഇക്കാര്യം ഡോക്ടർമാർ കണ്ടെത്തിയത്.

ജപ്പാനിൽ നിന്നുള്ള പതിനാറുകാരിയാണ് ഇത്തരത്തിൽ വൈദ്യശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. 3 സെന്റീമീറ്റർ വിസ്താരമുള്ള ഒരു ചെറിയ തലച്ചോറും പിന്നെ മുടിയും. ഇവയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് കനമില്ലാത്ത അസ്ഥികൂടവും ഉണ്ട്. തലച്ചോറിന്റെ രണ്ടു പാളികൾക്കു താഴെ കാണുന്ന സെറിബെല്ലത്തിന്റെ ചെറിയൊരു പതിപ്പായിട്ടാണ് ഡോക്ടർമാർ ഇതിനെ കാണുന്നത്. സുഷുമ്‌നാ നാഡിയുമായി ബന്ധപ്പെടുന്ന ഭാഗമാണിത്. മൂന്നു മാസത്തോളം ഈ ട്യൂമർ പതിനാറുകാരിയുടെ വയറ്റിൽ വളർന്നിരുന്നു.

അഞ്ചിൽ ഒരു ട്യൂമറിൽ ചെറിയ രീതിയിൽ മുടിയും പല്ലും മജ്ജയും മാംസവും എല്ലാം കാണാറുണ്ട്. ഇവയെ ടെറാടോമസ് എന്നാണ് വൈദ്യശാസ്ത്രത്തിൽ വിളിക്കപ്പെടുന്നതും. എന്നാൽ, തലച്ചോർ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്. വയറിൽ ഇത്തരം ട്യൂമറുകൾ വളരുന്നതിന്റെ കാരണം എന്താണെന്നു ഇന്നുവരെ കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ നിലവിൽ പ്രചരിക്കുന്ന ഒരു സിദ്ധാന്തം വളർച്ചയെത്താത്ത അണ്ഡങ്ങൾ ശരീരഭാഗങ്ങളായി രൂപാന്തരപ്പെടുന്നു എന്നാണ്.

ഈ പതിനാറുകാരിയുടെ വയറ്റിൽ കണ്ടെത്തിയിരിക്കുന്നത് പൊതുവെ കാണപ്പെടുന്ന ജെം സെൽ ട്യൂമർ ആണെന്നാണ് പറയപ്പെടുന്നത്. ഇവ സ്ത്രീകളിലെ പ്രത്യുൽപാദന കാലത്താണ് കാണപ്പെടുന്നത്. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ സാധിക്കുകയും വൈകാതെ തന്നെ ഇവർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യും. ഇവിടെ ഈ പെൺകുട്ടിക്ക് വയറിൽ ഇത്തരത്തിൽ ട്യൂമർ വളരുന്നതായി യാതൊരു ലക്ഷണവും കണ്ടിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here