മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം - Kairalinewsonline.com
ArtCafe

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിനിടെയാണ് ലാൽ അഭിനയത്തിൽ നിന്നു വിരമിക്കുന്നു എന്ന സൂചനകൾ നൽകിയത്.

തന്നെക്കുറിച്ച് ഉയർന്ന എല്ലാ വിവാദങ്ങളോടും പ്രതികരിക്കുന്നതായിരുന്നു ലാലിന്റെ വാക്കുകൾ. എംടി വാസുദേവൻ നായർക്കൊപ്പം ചേർന്ന് രണ്ടാമൂഴം അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് ലാൽ വ്യക്തമാക്കി. 600 കോടി രൂപ മുതൽ മുടക്കിലാണ് രണ്ടാമൂഴം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തനിക്കു ലഭിച്ചിട്ടുണ്ട്. ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കുമെന്നും ലാൽ പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വിഷയങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങൾ തിരുത്തില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ആറു കൊല്ലമായി താൻ ബ്ലോഗ് എഴുതുന്നുണ്ട്. അതിൽ എഴുതുന്നത് ഓരോ വിഷയത്തിലും തനിക്കു ലഭിക്കുന്ന വിവരങ്ങൾ വച്ചാണ് താൻ എഴുതാറുള്ളത്. ബ്ലോഗിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അതിൽ സങ്കടമോ സന്തോഷമോ ഉണ്ടായിട്ടില്ലെന്നും സൂപ്പർതാരം പറഞ്ഞു. പുലിമുരുകന്റെ വിജയവും അഭിനയജീവിതവും ബ്ലാഗെഴുത്ത്, തീയറ്ററിലെ ദേശീയ ഗാനാലാപനം, എംടിക്കും കമലിനുമെതിരെയുണ്ടായ വിമർശനങ്ങൾ, തുടങ്ങി സകല വിഷയങ്ങളിലും ലാൽ പ്രതികരിക്കുന്നുണ്ട്.

To Top