മുഖ്യമന്ത്രിക്കു മുന്നിൽ മുട്ടുമടക്കി ഐഎഎസുകാർ; അവധി പിൻവലിച്ചു ഉടൻ ജോലിക്കു കയറും; വിജിലൻസ് അന്വേഷണത്തിൽ ഇടപെടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു മുന്നിൽ ഒടുവിൽ ഐഎഎസുകാർ മുട്ടുമടക്കി. സമരം ചെയ്തതു ശരിയായില്ലെന്നു ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിക്കു മുന്നിൽ മുട്ടുമടക്കി ഐഎഎസുകാർ അവധി അപേക്ഷ പിൻവലിച്ചു. ഉടൻ ജോലിക്കു കയറുമെന്നും ഐഎഎസ് അസോസിയേഷൻ അറിയിച്ചു. ഐഎഎസുകാരുടെ അവധിയെടുത്തു സമരം ചെയ്തുള്ള ദുർവാശിക്കു വഴങ്ങാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കൂട്ട അവധിയെടുത്ത് സമരം ചെയ്തതു ശരിയായില്ലെന്നു പറഞ്ഞു.

ഐഎഎസുകാർ കൂട്ടത്തോടെ അവധിയെടുത്തതു ശരിയായില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഐഎഎസുകാരുടെ പ്രതിഷേധത്തെ ഗൗരവമായി കാണുന്നു. വിജിലൻസ് അന്വേഷണം നടക്കുന്നതാണ് അവരുടെ പ്രതിഷേധത്തിനു കാരണം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. വിജിലൻസിന്റെ അന്വേഷണങ്ങളിൽ സർക്കാർ ഇടപെടില്ല. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടക്കണം എന്നാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്.

കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത് ആദ്യത്തെ സംഭവമല്ല. കേസ് രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്ന സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിനെതിരെ വികാരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, വികാരവും നടപടിയും രണ്ടും രണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കി വിജിലൻസ് ക്രിമിനൽ കേസ് എടുത്തിരുന്നു. ഇതാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിയിലേക്ക് നയിച്ചത്. വിജിലൻസ് ഡയറക്ടറോടുള്ള എതിർപ്പാണ് തീരുമാനത്തിനു പിന്നിൽ. ജേക്കബ് തോമസ് ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു എന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ടോം ജോസിനെതിരായ വിജിലൻസ് കേസും ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കു കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here