നെഹ്റുവില്‍ പഠിപ്പിന്‍റെ പേരില്‍ ദുരിതങ്ങളുടെയും പീഡനങ്ങളുടെയും മൂന്നു വര്‍ഷം; കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ ബിരുദപഠനം നടത്തിയ വിദ്യാര്‍ഥിനിക്കു പറയാനുള്ളത്

‘ജസ്റ്റിസ് ഫോര്‍ വിഷ്ണു’ എന്ന ടാഗ് കാമ്പയിന്‍ രണ്ടു ദിവസമായി പീപ്പിള്‍ ടിവിയിലും സമൂഹമാധ്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. നെഹ്റു കോളജുകളുടെ തനിനിറം ഇപ്പോ‍ഴെങ്കിലും പുറം ലോകം അറിയുന്നതില്‍ അവിടെ പഠിച്ച ഒരാളെന്ന നിലയില്‍, പഠിപ്പിന്‍റെ പേരിലുള്ള പീഡനങ്ങളും ദുരിതങ്ങളും അനുഭവിച്ച ഒരാളെന്ന നിലയില്‍ സന്തോഷം പകരുന്ന കാര്യമാണ് ഇത്. ഇതൊക്കെ പുറത്തുവരാന്‍ പ്രതിഭാധനനായ ഒരു വിദ്യാര്‍ഥിയുടെ, അനിയന്‍റെ മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ ജീവന്‍ കൊടുക്കേണ്ടിവന്നല്ലോ എന്നോര്‍ത്ത് അതിലേറെ വിഷമവും.

ജിഷ്ണു എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിഞ്ഞത് പാമ്പാടി നെഹ്റു കോളജിലാണ്. ഞാന്‍ പഠിച്ചത് കോയമ്പത്തൂരിലെ നെഹ്റു കോളജിലാണ്. നെഹ്റു മാനേജ്മെന്‍റിനു കീ‍ഴിലുള്ള കോളജുകളില്‍ നടക്കുന്നതെല്ലാം സമാനമായ കാര്യങ്ങളാണെന്നു വ്യക്തമാക്കുന്നതാണ് ഈ ദുഃഖഭരിതമായ സംഭവം. നെഹ്റുവില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നെങ്കിലെന്ന് അവിടെ പഠിച്ച കാലത്തൊക്കെ വിചാരിച്ചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വര്‍ഷം മൂന്നു ക‍ഴിഞ്ഞെങ്കിലും, ഒരു നെഹ്റു അലുമ്നി എന്ന നിലയില്‍ എനിക്കും ചിലതു പറയാനുണ്ട്. ജിഷ്ണുവിന്‍റെ മരണം കോയമ്പത്തൂരിലെ കോളജിലായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍ ഇതൊന്നും പുറത്തറിയില്ലായിരുന്നെന്ന സത്യവും.

മാധ്യമങ്ങളെയും പൊതു സമൂഹത്തെയും അടിച്ചമര്‍ത്താനുള്ള പണബലവും കായികബലവുമായിരുന്നു ഇക്കാലമത്രയും നെഹ്റു കോളജ് സ്വന്തമാക്കിവച്ചിരുന്നത്. അല്ലെങ്കില്‍, കുറച്ചുകാലം മുമ്പു നെഹ്റു കോളജില്‍ ബസില്‍നിന്നു വീണ പെണ്‍കുട്ടിയുടെ മരണം കോളജിന്‍റെ ആണിക്കല്ല് ഇളക്കേണ്ടതായിരുന്നു. പക്ഷേ, സത്യം പുറത്തുവരാതിരിക്കാന്‍ അവര്‍ അതെല്ലാം മൂടിവച്ചു. മാധ്യമങ്ങള്‍ അങ്ങോട്ടു ശ്രദ്ധിക്കാരിതിക്കാന്‍ പണം വലിച്ചെറിഞ്ഞു. പണത്തേക്കാള്‍ നെഹ്റുവിന്‍റെ ഗുണ്ടകളോടുള്ള ഭയമാണ് കാമ്പസിനകത്ത് എന്തു നടക്കുന്നു എന്നതു പുറത്തുവരാതിരിക്കാന്‍ കാരണം. ഭാവിയുടെ പേരിലും സര്‍ട്ടിഫിക്കറ്റിന്‍റെ പേരിലും ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരിലും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തി നിലയ്ക്കുനിര്‍ത്താനും മാനേജ്മെന്‍റിനു ക‍ഴിഞ്ഞിരുന്നു എന്നതു മറ്റൊരുവശം.

കോയമ്പത്തൂര്‍ നെഹ്റു കോളജ്

കോയമ്പത്തൂര്‍ നെഹ്റു കോളജ്

നെഹ്റുവില്‍ പീഡനങ്ങള്‍ പലവിധം

നെഹ്റുവില്‍ പഠിക്കണമെങ്കില്‍ ഫീസ് മാത്രം കൊടുത്താല്‍ പോരാ. അതിന്‍റെ ഇരട്ടിയോളം തുക ഫൈനായും ഒരു വിദ്യാര്‍ഥി തന്‍റെ പഠനകാലയളവിനുള്ളില്‍ നല്‍കേണ്ടിവരും. ആണ്‍കുട്ടികളാണ് ഇത്തരം പീഡനങ്ങള്‍ക്ക് ഏറെയും വിധേയരാകുന്നത്. പ്രായത്തിന്‍റെ പക്വതയില്ലായ്മയെപ്പോലും അംഗീകരിക്കാന്‍ തയാറാകാത്ത ഒരു മാനേജ്മെന്‍റാണ് അവിടെയെന്നു മനസിലാക്കാന്‍ നെഹ്റുവില്‍ പഠിച്ച ഏതെങ്കിലും ഒരു ആണ്‍കുട്ടിയോടു ചോദിച്ചാല്‍ മതി. കണ്ണെ‍ഴുതിയാല്‍, കടുക്കനിട്ടാല്‍, കാഷ്വല്‍ ഷൂസ് ഇട്ടാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍, ക്ലാസില്‍ എത്താന്‍ വൈകിയാല്‍, മുന്‍കൂട്ടി പറയാതെ അവധിയെടുത്താല്‍ എന്നിങ്ങനെ പോകുന്ന ഗുരുതരമായ കുറ്റങ്ങളുടെ പട്ടിക. എന്തൊക്കെ കുറ്റങ്ങളുണ്ട്, എന്തൊക്കെ ശിക്ഷകളുണ്ട് എന്നു മനസിലാക്കണമെങ്കില്‍ ഹാള്‍ടിക്കറ്റ് വാങ്ങേണ്ട സമയമാകണമെന്നതാണ് മറ്റൊരു ആചാരം. ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോകുമ്പോള്‍ കുറഞ്ഞത് ആറായിരം രൂപയെങ്കിലും കൈയില്‍ വേണം. ആ ദിവസം നെഹ്റു മാനേജ്മെന്‍റിന് ചാകരയാണ്. ഓരോ കുട്ടിയും അടയ്ക്കേണ്ട ഫീസുകള്‍, ഫൈനുകള്‍ ഇതെല്ലാം അപ്പോള്‍ മാത്രമേ അറിയൂ. പല പല കാരണങ്ങള്‍ കാട്ടി ഫീസുകളും ഫൈനുകളും അടയ്ക്കേണ്ടതിന്‍റെ മെമ്മോകളുടെ പെരുമ‍ഴയായിരിക്കും ഓരോ വിദ്യാര്‍ഥിക്കും ഉണ്ടാവുക. ഓരോ ഇനത്തിലും അഞ്ഞൂറും അറുനൂറും ഒക്കെയായിരിക്കും ഫൈനും ഫീസും.

വായ്പയെടുത്തും കൂലിപ്പണിചെയ്തുമൊക്കെ മക്കളെ നെഹ്റുവിലേക്കു വിടുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും. കോയമ്പത്തൂര്‍ കാമ്പസിലെ മുക്കാല്‍ പങ്കു വിദ്യാര്‍ഥികളും മലയാളികളും പാലക്കാട്, തൃശൂര്‍ ജില്ലക്കാരുമാണ് എന്നതാണ് പ്രത്യേകത. ഭൂരിഭാഗം പേരും പാലക്കാട്ടുനിന്നും തൃശൂരില്‍നിന്നും ദിവസവും കോയമ്പത്തൂരില്‍ പോയിവരുന്നവരും. ദിവസവും ക്ലാസില്‍ പോകാന്‍ യാത്രയ്ക്കു മാത്രം വേണം നാലും അഞ്ചും മണിക്കൂര്‍. ക്ലാസും യാത്രാസമയവും ക‍ഴിഞ്ഞുള്ള സമയത്തു വേണ്ം അസൈന്‍മെന്‍റ് എ‍ഴുത്തും പഠനവും പരീക്ഷഎ‍ഴുത്തും. വാളയാറിലെ ബ്ലോക്ക് കടന്നുവേണം കുട്ടികള്‍ക്കു കോയമ്പത്തൂരില്‍ എത്താന്‍. എല്ലാവരുടെയും യാത്ര കോളജ് ബസില്‍തന്നെയാണ്. ബ്ലോക്ക് കാരണം പലപ്പോ‍ഴും ഈ ബസുകള്‍ സമയത്തു കോളജില്‍ എത്താറില്ല. ബ്ലോക്കാണെന്നും ബസ് വൈകിയതാണെന്നും ഉത്തമബോധ്യമുണ്ടെങ്കിലും കോളജ് അധികാരികള്‍ സമയത്തില്‍ യാതൊരു ഇളവും നല്‍കില്ല. പരീക്ഷയാണെങ്കില്‍ പോലും.

കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന പിടി അധ്യാപകന്‍

കോയമ്പത്തൂര്‍ നെഹ്റു കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന പിടി അധ്യാപകന്‍. സംവിധായകന്‍ ആഷിക് അബു പുറത്തുവിട്ട ചിത്രം

ഗുണ്ടായിസത്തിന് വടി പിടിക്കുന്ന പിടി സാര്‍

ഫിസിക്കല്‍ ട്രെയിനിംഗ് അധ്യാപകന്‍റെ നേതൃത്വത്തിലാണ് നെഹ്റുവിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള അതിക്രമം. ഇയാള്‍ കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങളുമായി നല്ല ബന്ധമുള്ളയാളാണെന്നാണു സംസാരം. വിദ്യാര്‍ഥികള്‍ ഇയാളെ വട്ടോളി എന്നു വിളിക്കും. മറ്റൊരാള്‍ ഇവിടെയുണ്ടായിരുന്ന ബസ് അഡ്മിനിസ്ട്രേറ്ററായിരുന്നു. പെണ്‍കുട്ടി ബസില്‍നിന്നു ചാടി മരിച്ചതിനു ശേഷം ഇയാള്‍ നെഹ്റു വിട്ടു. ഇരുവരും നെഹ്റുവില്‍ പഠിച്ചവര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും സുപരിചിതരാണ്. ഏതു കാര്യത്തിലും വിദ്യാര്‍ഥികളെ വിചാരണ ചെയ്യും. അതു തുടങ്ങുന്നത് അച്ഛനുവിളിച്ചാണെന്നു മാത്രം. പിന്നീട് നല്ല പാലക്കാടന്‍ തെറിയുടെ ഘോഷയാത്രയായിരിക്കും. പി ടി സാര്‍ വിദ്യാര്‍ഥിയുടെ കരണത്തടിക്കുന്നതാണ് അടുത്ത ശിക്ഷാപരിപാടി.

ബസ് അഡ്മിനിസ്ട്രേറ്റര്‍ ഒരു ദിവസം ബസ് ഓടിച്ചു. അന്നു ബസ് തട്ടി വശത്തെ കണ്ണാടി പൊട്ടിയപ്പോള്‍ ചിരിച്ച വിദ്യാര്‍ഥിക്കു കേള്‍ക്കേണ്ടിവന്നത്. **** മോനേ എന്താടാ ചിരിക്കുന്നത് എന്നായിരുന്നു. ഷര്‍ട്ടിന്‍റെ കോളറില്‍ തൂക്കിപ്പിടിച്ചാണ് തെറിവിളി. ഒരു വിദ്യാര്‍ഥി അവന്‍ എന്തു തെറ്റു ചെയ്താലും പുലഭ്യം പറഞ്ഞും കരണത്തടിച്ചും ശിക്ഷിക്കാന്‍ ബസ് അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം കൊടുത്തത് ആരാണ്? പ്രിന്‍സിപ്പല്‍ തന്നെയാണ് അധികാരം കൊടുക്കുന്നത്. ഉന്നത ബിരുദം കരസ്ഥമാക്കാന്‍ പഠിക്കാന്‍ വന്ന വിദ്യാര്‍ഥികള്‍ കേട്ടുപഠിക്കുന്നത് ഇതൊക്കെയാണെന്നു സാരം.

വിചാരണ നടത്താന്‍ ബോര്‍ഡ് റൂം

വിദ്യാര്‍ഥികളെ ശിക്ഷിക്കാനുള്ള സ്ഥലമാണ് കോളജിലെ ബോര്‍ഡ് റൂം. ഇവിടെ മറ്റൊന്നും നടക്കാറില്ലെന്നാണ് അറിവ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്തുണ്ടായാലും ഇവിടേക്കാണ് കൊണ്ടുപോവുക. അതു ക‍ഴിഞ്ഞു പുറത്തേക്കു വരുന്നവരുടെ മുഖത്തും മറ്റും ചോരയൊലിക്കുന്നതു കാണാം. കൈയിലും കാലിലും തടിപ്പും വേദനയുമുണ്ടാകും. ഇതിന്‍റെ പേരില്‍ മാനേജ്മെന്‍റിനെ ചോദ്യം ചെയ്യാന്‍ രക്ഷിതാക്കള്‍ക്കും അധികാരമില്ല. അങ്ങനെ സംഭവിച്ചാല്‍ ഡീബാര്‍ ചെയ്യപ്പെടും. സസ്പെന്‍ഷനും ഉണ്ടാകും. പണം മാത്രം ലക്ഷ്യം വച്ചു നടക്കുന്ന സിഇഒയും ഡയറക്ടറും. അതിനെല്ലാം സഹായിയാ ശിങ്കിടിയായി നടക്കാന്‍ മാത്രമാണ് പ്രിന്‍സിപ്പലിന്‍റെ നിയോഗം.

ഇടവേള സമയങ്ങളില്‍ ഒരു ഡിപാര്‍ട്മെന്‍റില്‍നിന്നു മറ്റൊരു ഡിപാര്‍ട്മെന്‍റിന്‍റെ വരാന്തയില്‍ പോയി നിന്നാല്‍ വരും ഡിസിപ്ലിന്‍ കമ്മിറ്റിക്കാരും അവരുടെ തല്ലും. ക്ലാസിനു പുറത്തുള്ള ഗ്രില്ലില്‍ ചാരി നില്‍ക്കാന്‍ പാടില്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചു നിന്നു സംസാരിക്കാന്‍ പാടില്ല. അപ്പോള്‍ കേള്‍ക്കാം ‘കേറിപ്പോടാ **** മോനേ ക്ലാസില്‍’.

കോയമ്പത്തൂര്‍ നെഹ്റു കോളജ്

കോയമ്പത്തൂര്‍ നെഹ്റു കോളജ്

ഇഷ്ടക്കാര്‍ക്ക് എന്തുമാകാം

ഇതെല്ലാം ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രം ബാധകമായ കാര്യങ്ങളാണ്. പഠിക്കാനും വലിയ സ്വപ്നങ്ങള്‍ കണ്ടും വരുന്ന ബഹുഭൂരിപക്ഷം മലയാളികളെ സംബന്ധിച്ചുള്ളത്. ഇതൊന്നും ബാധകമല്ലാത്ത ഒരു വിഭാഗമുണ്ട്. നാലു വര്‍ഷം മുമ്പു ഞാൻ പഠിക്കുന്ന സമയത്തെ കാര്യമാണിത്. പ്രദേശവാസികളായ ചിലരാണ് ഇത്തരക്കാര്‍. രാഷ്ട്രീയ പിന്തുണയും സമ്പത്തുമുള്ള വീടുകളില്‍നിന്നുവരുന്ന ചിലര്‍. അണ്ണന്‍ എന്നാണ് ഇവരിലൊരാള്‍ അറിയപ്പെട്ടിരുന്നത്. മറ്റു വിദ്യാര്‍ഥികളെ അടിച്ചൊതുക്കുന്ന പി ടി സാര്‍ ‘അണ്ണന്‍റെ’ തോ‍ഴനായാണ് കാണപ്പെട്ടിരുന്നത്. അണ്ണനും പി ടി സാറും ചേര്‍ന്ന് എന്‍റെ സുഹൃത്തായ വിദ്യാര്‍ഥിയുടെ നെറ്റി ബെഞ്ചില്‍ അടിച്ചുപൊളിക്കുന്നതു ഞാൻ നേരില്‍ കണ്ടുനിന്നിട്ടുണ്ട്. ഞങ്ങള്‍ക്കൊന്നും പ്രതികരിക്കാനായില്ല. ആരും പരാതി കൊടുത്തില്ല. കാരണം, ഒരു നടപടിയും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. തമി‍ഴ് വിദ്യാര്‍ഥികളുടെ മു‍ഴുവന്‍ രക്ഷകനാണ് ഈ അണ്ണന്‍. ഇയാള്‍ക്ക് പരീക്ഷയെ‍ഴുതുകയോ അസൈന്‍മെന്‍റ് വയ്ക്കുകയോ വേണ്ട. മാര്‍ക്ക് തനിയെ വന്നോളും. മറ്റുള്ള തമി‍ഴ് വിദ്യാര്‍ഥികള്‍ക്കെന്തെങ്കിലും സംഭ‍വിച്ചാല്‍ രക്ഷാദൗത്യവുമായി ഇയാള്‍ ഉണ്ടാകും. കാവലായി അണ്ണന്‍.

ഒരിക്കല്‍ ഞാനും സുഹൃത്തുക്കളും ക്ലാസ് വിട്ടു താ‍ഴേക്കുള്ള പടിയിറങ്ങി പോകുമ്പോള്‍ തലയില്‍ കടലാസ് കൊണ്ടുണ്ടാക്കിയ ചെറിയ പന്തുകള്‍ വീണു. ആദ്യം ഞാൻ കാര്യമാക്കിയില്ല. വീണ്ടും വന്നു വീണപ്പോള്‍ ഞാൻ മുകളിലേക്കു നോക്കി. ചില തമി‍ഴ് വിദ്യാര്‍ഥികളാണ് അതു ചെയ്തത്. എന്‍റെ കൂടെ രണ്ട് ആണ്‍കുട്ടികളുണ്ടായിരുന്നു. അവരോടു പറഞ്ഞപ്പോള്‍ ഒരാള്‍ മുകളിലെ നിലയിലുണ്ടായിരുന്നവരെ നോക്കി. ഞങ്ങള്‍ പത്തടി മുന്നോട്ടു വച്ചു മൈതാനത്തിന് അടുത്തെത്തിയപ്പോള്‍ അണ്ണനും കടലാസ് പന്തെറിഞ്ഞ സുഹൃത്തുക്കളും നില്‍ക്കുന്നും. എന്‍റെ കൂട്ടുകാരുടെ കോളര്‍ പിടിച്ച് അസഭ്യവര്‍ഷമായി പിന്നീട്. ഞങ്ങള്‍ക്കൊന്നും പറയാന്‍ അവസരം നല്‍കാതെ ഇടിയോട് ഇടിയായിരുന്നു പിന്നീട്.

അടങ്ങിയൊതുങ്ങി ചോദിക്കുന്ന പണമൊക്കെ കൊടുത്തു ക‍ഴിഞ്ഞാല്‍ പഠിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റുമായി കോളജില്‍നിന്നു പുറത്തിറങ്ങാമെന്നാണു കോയമ്പത്തൂര്‍ നെഹ്റു കോളജിലെ അവസ്ഥ. ഗേറ്റ് കീപ്പര്‍ തൊട്ട് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ വരെ പേടിച്ചു വണങ്ങി പഠനകാലം ക‍ഴിയണമെന്നുമാത്രം. പാമ്പാടി നെഹ്റുവില്‍ ജിഷ്ണു നേരിട്ടത് അവിടത്തെ മാത്രം പ്രശ്നമല്ല, നെഹ്റു മാനേജ്മെന്‍റിനു കീ‍ഴിലെ എല്ലാ കോളജുകളിലെയും സ്ഥിതി ഇതാണ്. ഇതിനു പരിഹാരം കാണാന്‍ ഇനിയും വൈകിയാല്‍ എത്ര ജീവനുകളായിരിക്കും പൊലിയുക എന്നു പറയുക വയ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News