പ്രതികാര നടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും നിഷേധിച്ച് മാനേജ്‌മെന്റ്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാരനടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ കയറ്റില്ലെന്ന നിലപാടിലാണ് വാര്‍ഡന്മാര്‍.

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കില്ലെന്ന് പറഞ്ഞു മെസ്ഹാള്‍ പൂട്ടിയിടുകയും ചെയ്തു. നിങ്ങള്‍ക്ക് തരാന്‍ ഭക്ഷണമില്ലെന്നും പുറത്തുപോയി കഴിച്ചോളാനുമായിരുന്നു വാര്‍ഡന്മാരായ ശശീന്ദ്രനും ചന്ദ്രനും പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മോശമായാണ് വാര്‍ഡന്‍മാര്‍ പെരുമാറുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ പുറത്തുപോകാതിരിക്കാന്‍ രാവിലെ അധികൃതര്‍ ഗേറ്റ് പൂട്ടിയിടുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ ഒന്നിച്ച് പ്രതികരിച്ചതോടെയാണ് ഗേറ്റ് തുറന്നു നല്‍കിയത്. കോളേജിലെ മുന്നൂറ്റിയമ്പതോളം വിദ്യാര്‍ഥികള്‍ ഇന്ന് നടന്ന പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

പാമ്പാടി നെഹ്‌റു കോളേജിന് പുറമെ, കോയമ്പത്തൂരിലെ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും സമരം നടക്കുന്നുണ്ട്. നെഹ്‌റുവിന്റെ പേരല്ല, ഹിറ്റ്‌ലറുടെ പേരാണ് കോളേജിന് ചേരുകയെന്നും ജിഷ്ണുവിന്റെ മരണം മാനേജ്‌മെന്റ് നടത്തിയ കൊലപാതകമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം, കോളേജിനെതിരെ യുവജന കമീഷന്‍ സ്വമേധയാ കേസെടുത്തു. എസ്പിയോടും കോളേജ് അധികൃതരോടും വിശദീകരണം തേടി. സാങ്കേതിക സര്‍വ്വകലാശാലയും വിഷയത്തില്‍ കോളേജിനോട് വിശദീകരണം തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here