താടി ഫൈന്‍, ചെരുപ്പ് ഫൈന്‍, കേക്ക് ഫൈന്‍ മുതല്‍ കൂട്ടുകാരിയോട് സംസാരിച്ചാല്‍ വരെ ഫൈന്‍; നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ കാട്ടാളത്തം

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലെ കോളേജുകളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അവരുടെ കലാലയ ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒന്നായിരിക്കും എന്തിനും ഏതിനുമുള്ള ഫൈന്‍ സമ്പ്രദായം. താടി വടിച്ചില്ലെങ്കില്‍, മുടി വെട്ടിയില്ലെങ്കില്‍ തുടങ്ങി സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചാല്‍ പോലും ഇവിടെ ഫൈന്‍ ഈടാക്കും.

പാമ്പാടി നെഹ്‌റു കോളേജില്‍ ഈടാക്കുന്ന ഫൈനുകളുടെ വിവരം ചുവടെ: താടി ഫൈന്‍ (200 രൂപ), ചെരുപ്പ് ഫൈന്‍ (100 രൂപ), കളര്‍ ഷൂ ഫൈന്‍ (100 രൂപ), ഹെയര്‍ കട്ട് ഫൈന്‍ (100 രൂപ), ടാഗ് ഫൈന്‍ (500 രൂപ), ലേറ്റ് ഫൈന്‍(200 രൂപ), കോമണ്‍ ഫൈന്‍ (5000), പിറന്നാള്‍ദിനത്തില്‍ ക്ലാസില്‍ കേക്ക് മുറിച്ചാല്‍ ഫൈന്‍ (1000), മലയാളം സംസാരിച്ചാല്‍ ഫൈന്‍ (100), കൂട്ടുകാരിയോട് സംസാരിച്ചാല്‍ ഫൈന്‍ (100), പെനാല്‍റ്റി ഫൈന്‍(200) എന്നിങ്ങനെയാണ് കോളേജില്‍ ഫൈന്‍ ഈടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കോളേജ് ഐഡി കാര്‍ഡ് കഴുത്തിലണിയാന്‍ മറന്നാലും, ഷര്‍ട്ട് ഇസ്തിരി ഇടാന്‍ മറന്നാലും, ഇസ്തിരി ഇട്ട ഷര്‍ട്ട് ഇന്‍ ചെയ്യുമ്പോള്‍ പുറത്തേക്ക് കണ്ടാലും, ഷൂ ഇട്ടിട്ടില്ലെങ്കിലും, ഷൂ ലേസ് അഴിഞ്ഞു കണ്ടെങ്കില്‍ അങ്ങനെ എല്ലാത്തിനും ഫൈനാണ് ഇവിടെ. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോളേജില്‍ ഫൈനുണ്ട്. ഭക്ഷണം പരസ്പരം ഷെയര്‍ ചെയ്താല്‍ ഫൈന്‍ വരും. മെസില്‍ പോകാതെ ക്ലാസിലിരുന്ന് ഭക്ഷണം കഴിച്ചാല്‍ 500 രൂപ ഫൈന്‍.

ഫൈന്‍ വാങ്ങുന്ന രീതിയും വ്യത്യസ്തമാണ്. ഗേറ്റില്‍ ഐഡി കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികളെ കയറ്റിവിടില്ല. ഡിസിപ്ലിന്‍ ഓഫീസര്‍ ഐഡി കാര്‍ഡ് വാങ്ങിയാല്‍, ഫൈന്‍ അടച്ച രശീതി കാണിച്ചാല്‍ മാത്രമേ കാര്‍ഡ് തിരികെ നല്‍കൂ. രശീതി കൊടുത്ത് കാര്‍ഡ് വാങ്ങണം അതാണ് നടപ്പു സമ്പ്രദായം. രശീതി എന്നു പറഞ്ഞാല്‍ ക്വാളിറ്റി കുറഞ്ഞ വെള്ള പേപ്പറില്‍ ക്യാഷ് കൗണ്ടറിലെ മാഡം ഒപ്പിട്ട് തരും. അല്ലാതെ printed receipt പോലും കിട്ടില്ല.

പണം മാത്രമാണ് നെഹ്‌റു കോളേജ് പോലുള്ള എല്ലാ കോളേജുകളുടെയും അധാരം. പണം കൊണ്ടു ഇവര്‍ പ്രതികരണശേഷി നഷ്ട്ടപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നു. തനിക്കെതിരെ ഉയരുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണു ഇത്തരം കോളേജുകളുടെ ശ്രമം.

ഇത്തരം സമ്പ്രദായങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍. ക്യാമ്പസ് കാട്ടാളിത്തം നിര്‍ത്തലാക്കുക, കോളേജില്‍ സ്റ്റുഡന്റസ് യൂണിയന്‍ രൂപവത്കരിക്കുക, വ്യക്തി സ്വാതന്ത്രത്തിനെതിരായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, ഫൈന്‍ സമ്പ്രദായം അവസാനിപ്പിക്കുക, 90% അറ്റ്ന്‍ഡ്‌സ് എന്ന കരിനിയമം നിര്‍ത്തലാക്കുക, കോളേജിന്റെ ക്രൂരതക്കെതിരെ വാ തുറക്കുന്നവരെ മൂന്നാംമുറ ഉപയോഗിച്ചു അടിച്ചമര്‍ത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here