ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത് - Kairalinewsonline.com
Business

ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത്

ദില്ലി: ഇനി നമ്മുടെ നാട്ടിലെ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെ പെപ്സിയുടെയോ കോക്കിന്‍റെയോ അദാനിയുടെയോ ഒക്കെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും ബ്രാന്‍ഡ് ചെയ്യാനുള്ള നടപടികളുമായി റെയില്‍വേ മുന്നോട്ട്. കടുത്ത നഷ്ടത്തില്‍നിന്നു കരകയറാനാണ് പുതിയ വരുമാനാഗമ പദ്ധതികള്‍ക്കു റെയില്‍വേ ആലോചിക്കുന്നത്.

ബ്രാന്‍ഡിംഗ് നടന്നാല്‍ പെപ്സി രാജധാനി എന്നും കോക്ക് ശതാബ്ദി എന്നുമൊക്കെയുള്ള മാതൃകയിലായിരിക്കും ട്രെയിനുകളുടെ പേരുകള്‍ മാറ്റുക. സ്റ്റേഷനുകളെയും ഇതേ രീതിയില്‍ ബ്രാന്‍ഡ് ചെയ്യും. ഇതിനായുള്ള നിര്‍ദേശം അടുത്തയാ‍ഴ്ച റെയില്‍വേ ബോര്‍ഡിനു മുമ്പാകെയെത്തും.

ബ്രാന്‍ഡ് ചെയ്യപ്പെടുന്ന ട്രെയിനുകളില്‍ ഏതു ഭാഗത്തും പരസ്യം പതിക്കാന്‍ അതതു കമ്പനികള്‍ക്ക് അവകാശമുണ്ടായിരിക്കും. ട്രെയിനിന്‍റെ ചായം മാറ്റാനും സീറ്റുകളിലും കോച്ചിനുള്ളിലും എല്ലാം ഇങ്ങനെ പരസ്യങ്ങള്‍ പതിപ്പിക്കാം. സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്താല്‍ പിന്നീട് ഈ സ്റ്റേഷനുകളില്‍ മറ്റു പരസ്യങ്ങള്‍ പതിക്കാന്‍ അനുവദിക്കില്ല.

നഷ്ടം പെരുകുന്ന സാഹചര്യത്തില്‍ പരമ്പരാഗത മാര്‍ഗങ്ങളിലൂടെയുള്ള വരുമാനം മതിയാകില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് വൈവിധീകരണത്തിന് റെയില്‍വേ തയാറാകുന്നത്. ക‍ഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ട്രെയിനുകളും സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്യാന്‍ ധാരണയായത്.

ടിക്കറ്റ്-ചരക്കു നിരക്കുകളിലൂടെയല്ലാതെ രണ്ടായിരം കോടി രൂപയാണ് റെയില്‍വേ വരുമാനമായി പ്രതീക്ഷിക്കുന്നത്. രാജ്യാന്തര നിലവാരത്തിലേക്ക് ഇന്ത്യന്‍ റെയില്‍വേയെ ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിടുന്നത്.

To Top