നോട്ട് നിരോധന പ്രതിസന്ധിയില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയോടും വിശദീകരണം തേടും; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിലപാട് കേട്ട ശേഷം തീരുമാനമെന്നും പിഎസി ചെയര്‍മാന്‍ കെവി തോമസ്

ദില്ലി : നോട്ട് നിരോധന വിഷയത്തില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കും. തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയോടും വിശദീകരണം തേടുമെന്നും പിഎസി അധ്യക്ഷന്‍ കെവി തോമസ് പറഞ്ഞു.

നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ആരോടും വിശദീകരണം തേടാന്‍ പിഎസിക്ക് അധികാരമുണ്ട്. ജനുവരി 20ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇവരുടെ വിശദീകരണത്തെ ആശ്രയിച്ചാവും തുടര്‍ നടപടിയെന്നും കെവി തോമസ് പറഞ്ഞു.

നടപടി പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ പ്രതിസന്ധികളും 50 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായും കെവി തോമസ് പറഞ്ഞു.

സ്വയം തൃപ്തിപ്പെടുത്തുന്നതിനായി രാജ്യത്തെ തെറ്റായ വഴിയില്‍ നയിക്കുകയാണ് പ്രധാനമന്ത്രി. തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കുകയാണ് അദ്ദേഹം. തീര്‍ത്തും നിര്‍ദ്ദയമായ രീതിയിലാണ് പ്രധാനമന്ത്രി പെരുമാറിയത്. നല്ല രീതിയില്‍ ടെലികോം സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇന്ത്യയില്‍ മൊബൈല്‍ വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താമെന്ന് എങ്ങനെയാണ് പ്രധാനമന്ത്രിക്ക് പറയാനാകുക.കറന്‍സി രഹിത പണമിടപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടോയെന്നും കെവി തോമസ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News