‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കും’; രാഷ്ട്രീയം മറന്ന് #justiceforjishnu ഏറ്റെടുത്ത് കലാലയങ്ങള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറികളുള്ള കോളേജുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. ‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കും’ വിജിന്‍ ഫേസ്ബുക്കിലൂടെ പറയുന്നു. ഇന്നലെയാണ് #justiceforjishnu ഏറ്റെടുത്ത് കേരളത്തിലെ കലാലയങ്ങള്‍ ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പാമ്പാടി നെഹ്‌റു കോളേജിലേക്ക് വന്‍പ്രതിഷേധവും നടന്നു. നെഹ്‌റുവിന്റെ പേരല്ല, ഹിറ്റ്‌ലറുടെ പേരാണ് കോളേജിന് ചേരുകയെന്നും ജിഷ്ണുവിന്റെ മരണം മാനേജ്‌മെന്റ് നടത്തിയ കൊലപാതകമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിലും തെരുവുകളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഇറങ്ങി. തലശേരി ബ്രണ്ണന്‍ കോളേജില്‍ പ്രതീകാത്മക ആത്മഹത്യാ സമരം നടത്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകളില്‍ പ്രകടനവും പ്രതിഷേധപരിപാടികളും നടന്നു.വിവിധ പോളിടെക്‌നിക്കുകളിലും കോളേജുകളിലും എന്‍ജിനിയറിംഗ് കോളേജുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.

കോളേജിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികള്‍ ഇന്നും തുടരും. എസ്എഫ്‌ഐ ഇന്ന് പ്രതിഷേധ സായാഹ്നം ആചരിക്കും. കെഎസ്‌യു പഠിപ്പുമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News