കഴിക്കാന്‍ ഭക്ഷണമില്ലെന്ന് പറഞ്ഞ സൈനികനെ തള്ളി ബിഎസ്എഫ്; ‘യാദവ് സ്ഥിരം മദ്യപാനി, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവന്‍’

ദില്ലി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തിയ സൈനികനെതിരെ ബിഎസ്എഫ്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ട തേജ് ബഹദൂര്‍ യാദവിനെതിരെയാണ് ബിഎസ്എഫിന്റെ വിമര്‍ശനം.

യാദവ് സ്ഥിരം മദ്യപാനിയാണെന്നും ഉന്നത ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്ന വ്യക്തിയാണെന്നും ബിഎസ്എഫ് വ്യക്തമാക്കുന്നു. ഇതുകാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബിഎസ്എഫ് ആസ്ഥാനത്താണ് ജവാനെ കൂടുതല്‍ സമയവും ജോലിക്ക് നിയോഗിച്ചിരുന്നതെന്നും ബിഎസ്എഫ് ട്വിറ്ററിലൂടെ അറിയിച്ചു.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബിഎസ്എഫ് നേരത്തെ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജവാന്റെ അവസ്ഥയെക്കുറിച്ചുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here