ഫോട്ടോഗ്രാഫറില്‍ നിന്ന് നടനിലേക്ക്; അഭിനയത്തിലൂടെ സഫലീകരിച്ചത് രണ്ടുപതിറ്റാണ്ടിന്റെ സ്വപ്‌നം; പ്രതിഭ തെളിയിച്ച് അരുണ്‍ പുനലൂര്‍ - Kairalinewsonline.com
ArtCafe

ഫോട്ടോഗ്രാഫറില്‍ നിന്ന് നടനിലേക്ക്; അഭിനയത്തിലൂടെ സഫലീകരിച്ചത് രണ്ടുപതിറ്റാണ്ടിന്റെ സ്വപ്‌നം; പ്രതിഭ തെളിയിച്ച് അരുണ്‍ പുനലൂര്‍

ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്ന സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്നു മുന്നേറുമ്പോള്‍ അരുണ്‍ പുനലൂര്‍ എന്ന ചെറുപ്പക്കാരന്റെ ഹൃദയം വര്‍ഷങ്ങളുടെ പഴക്കമുള്ള ആഗ്രഹ സഫലീകരണത്താല്‍ പൂത്തുലയുകയാണ്.

1994-95ല്‍ മനസ് നിറയെ സിനിമ സ്വപ്‌നവുമായി പുനലൂരില്‍ നിന്നും കോടമ്പക്കത്തിന് വണ്ടി കയറിയ അരുണിന് ഓര്‍മിക്കാന്‍ നല്ലതൊന്നും മദിരാശി നല്‍കിയില്ല. പക്ഷേ തോറ്റ് പിന്‍മാറുക എന്നത് അരുണിന്റെ പുസ്തകത്തില്‍ ഇല്ല. മദിരാശിയില്‍ പലവിധ തൊഴിലുകള്‍ ചെയ്തു. ഫോട്ടോഗ്രാഫിയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ അരുണ്‍ വര്‍ഷങ്ങളൊളം സിനിമ വാരികയുടെ ഫോട്ടോഗ്രാഫറായി. അരുണ്‍ പുനലൂര്‍ ഇന്നിപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്.

kaadu

ഫോട്ടോഗ്രാഫിയില്‍ തന്റെ പ്രതിഭ തെളിയിച്ച് മുന്നേറുമ്പോഴും സിനിമയെന്ന സ്വപ്‌നം ഹൃദയത്തില്‍ നിന്നും സൂക്ഷിച്ചിരുന്നു. ആ സ്വപ്‌നത്തിന് ചിറക് വയ്ക്കുകയാണ് കാട് പൂക്കുന്ന നേരത്തിലൂടെ. ചെറിയ വേഷമാണെങ്കിലും പ്രധാനപ്പെട്ട റോളിലാണ് അരുണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഏറെ കാത്തിരുന്ന ദിനം വന്നപ്പോള്‍ കേരളത്തില്‍ സിനിമ പ്രതിസന്ധിയെന്ന നിരാശ. എന്നാല്‍ പ്രതിസന്ധി മറികടന്ന് പടം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രത്തില്‍ ആദിവാസി കഥാപാത്രമാണ് അരുണ്‍. നഗ്‌നനായി അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ മടിയൊന്നും കാണിച്ചില്ല. കഥാപാത്രം ആവശ്യപ്പെടുന്ന ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സന്നദ്ധനാണ് ഈ ചെറുപ്പക്കാരന്‍. അന്താരാഷ്ട്ര സിനിമ മേളകളില്‍ മികച്ച അഭിപ്രായം നേടിയ കാടു പൂക്കുന്ന നേരം എന്ന സിനിമ മാവോയ്സ്റ്റ് വേട്ടയും പൊലീസ് അതിക്രമവുമാണ് ഇതിവൃത്തം.

വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങളിലൂടെ സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തനം തുടങ്ങിയ അരുണ്‍ ഗോവ, തിരുവനന്തപുരം ഫിലീം ഫെസ്റ്റിവെല്ലിലെ സ്ഥിരം സാന്നിദ്ധ്യമാണ്. പഹാടി, ടിബറ്റന്‍ ഭാഷകളിലായി നിര്‍മിച്ച സൗണ്ട് ഓഫ് സൈലന്‍സ്, വാസന്‍ എടവനക്കാടിന്റെ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയുടെയും ഭാഗമായി. കഴിഞ്ഞ വര്‍ഷം അഭിലാഷ് പുരുഷോത്തമന്റെ അകംപുറം ഷോര്‍ട്ട് ഫിലിമിന്റെ ്തിരക്കഥ രചനയിലും അരുണ്‍ പങ്കാളിയായി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധമായ അരുണ്‍ ഇത് വഴി നിരവധി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

To Top