അമേരിക്കയെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് ഒബാമ; വര്‍ണവെറി രാജ്യത്തിന് ഭീഷണി; നാലു വര്‍ഷം കൂടി തങ്ങളെ നയിക്കണമെന്ന് കേള്‍ക്കാനെത്തിയ ജനങ്ങള്‍; വികാരഭരിതമായി വിടവാങ്ങല്‍

ഷിക്കാഗോ: എട്ടുവര്‍ഷം നീണ്ട തന്‍റെ ഭരണത്തില്‍ അമേരിക്കയെ കൂടുതല്‍ കരുത്തുറ്റതാക്കിയാണ് പ്രസിഡന്റ് പദത്തില്‍നിന്നു വിടവാങ്ങുന്നതെന്നു ബരാക് ഒബാമ. അടുത്തയാ‍ഴ്ച പുതിയ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നതിനു മുന്നോടിയായി ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം വികാരഭരിതമായി. ഭാര്യ മിഷേലിനും വൈസ് പ്രസിഡന്‍റ് ജോ ബൈഡനുമൊപ്പമാണ് ഒബാമ വിടവാങ്ങല്‍ പ്രസംഗത്തിനായി ഷിക്കാഗോ കണ്‍വന്‍ഷന്‍ സെന്‍ററിലെത്തിയത്.

രാജ്യത്തോടു മു‍ഴുവന്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഒബാമ പ്രസംഗം ആരംഭിച്ചത്. എല്ലാ ദിവസവും ഞാൻ ജനങ്ങളില്‍നിന്നു പഠിക്കുകയായിരുന്നു. ജനങ്ങളാണ് തന്നെ മികച്ച പ്രസിഡന്‍റും മികച്ച മനുഷ്യനുമാക്കിയത്. അതിനിടെ, നാലു വര്‍ഷം കൂടി പ്രസിഡന്‍റായിരിക്കണമെന്ന് തടിച്ചുകൂടി കേള്‍വിക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. തനിക്കു ക‍ഴിയില്ലെന്നു ചിരിച്ചുകൊണ്ടു മറുപടി.

സാധാരണക്കാരയ ജനങ്ങള്‍ക്കു സമൂഹത്തില്‍ പങ്കാളിത്തമുണ്ടാകുമ്പോ‍ഴും ഇടപെടാന്‍ ക‍ഴിയുമ്പോ‍ഴുമാണ് മാറ്റമുണ്ടാകുന്നത്. അതിന് അവര്‍ തയാറാകണം. അവര്‍ ഒന്നിച്ചു മുന്നോട്ടുവരണം. ജനാധിപത്യത്തിലൂന്നി അമേരിക്കയ്ക്കു കൂടുതല്‍ മികവുള്ള രാഷ്ട്രമായി മാറാന്‍ ക‍ഴിയുമെന്നും ഒബാമ പറഞ്ഞു.

അമേരിക്കയിലെ ജനങ്ങളുടെ സ്നേഹം ആവോളം അനു‍ഭവിക്കാന്‍ തനിക്കും മിഷേലിനും ക‍ഴിഞ്ഞു. അതിനെല്ലാം നന്ദി പറയേണ്ട സമയമാണിത്. സ്വാതന്ത്ര്യമാണ് അമേരിക്കയിലെ ജനങ്ങള്‍ക്കു പൂര്‍വികരായ ഭരണാധികാരികള്‍ നല്‍കിയ ഏറ്റവും വലിയ സമ്മാനം. അടുത്ത പത്തുദിവസത്തിനുള്ളില്‍ ജനാധിപത്യത്തിന്‍റെ മഹത്വം വീണ്ടും നമ്മള്‍ കാണും. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്‍റില്‍നിന്ന് അടുത്ത പ്രസിഡന്‍റിലേക്കുള്ള അധികാരക്കൈമാറ്റം. താന്‍ അധികാരമേറ്റ സമയത്തേക്കാളും അമേരിക്ക ഇപ്പോള്‍ കരുത്തുറ്റത്തും മികച്ചതുമായിട്ടുണ്ട്.

നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഉറപ്പിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. രാജ്യത്തെ യുവാക്കളുടെ ക‍ഴിവും ശക്തിയും കരുത്തും ഭാവി അമേരിക്കയില്‍ സുഭദ്രമാണെന്നു തെളിയിക്കുന്നുണ്ട്. വംശീയത സംബന്ധിച്ച പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെങ്കിലും ഇപ്പോ‍ഴും അതൊരു ഘടകമായി നിലനില്‍ക്കുന്നുണ്ട്. വംശീയത നിലനില്‍ക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ലോകത്തെ ഭീകരവാദത്തിന് തടയിടണം.

എട്ടുവര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ല. രാജ്യത്തെ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് സൈന്യത്തിന്‍റെ മാത്രം കടമയല്ല, ജനാധിപത്യത്തില്‍ പങ്കാളികളായ എല്ലാവരുടെയും കടമയാണ്. മുസ്ലിംകളെ വേര്‍തിരിച്ചുകാണുന്നതിനെ എതിര്‍ക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായതും കരുത്തുറ്റതും ആദരമേറ്റുവാങ്ങുന്നതുമായ രാജ്യമാണ് അമേരിക്ക. ക‍ഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായി.

നിലവില്‍ രാജ്യത്തുള്ളതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ താന്‍ പൂര്‍ണ പിന്തുണ നല്‍കും. കുടിയേറി വന്നവരെ നമ്മളിലുള്ളവരായി കാണേണ്ടതുണ്ട്. അവരുടെ മക്കളാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ തൊ‍ഴില്‍ സേന. അവരെ നമ്മുടെ സ്വന്തമെന്ന നിലയില്‍ സ്േനഹിക്കണം. എല്ലാവര്‍ക്കും തുല്യാവസരം നല്‍കിയില്ലെങ്കില്‍ രാജ്യത്ത് അതു വിഘടനപ്രവര്‍ത്തനങ്ങള്‍ക്കും അതുവ‍ഴി അസ്ഥിരതയ്ക്കുമായിരിക്കും വ‍ഴിയൊരുക്കുക. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി ചെറുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് അതിനേക്കുറിച്ച് സംസാരിക്കാനായിരിക്കില്ല, അതിന്‍റെ ദോഷ‍ഫലങ്ങ‍ളായിരിക്കും അവര്‍ അനുഭവിക്കേണ്ടിവരികയെന്നും ഒബാമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News