എ ബി വാജ്പേയിക്കു രണ്ടു മുഖമുണ്ടായിരുന്നെന്നു വെളിപ്പെടുത്തി മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ പുസ്തകം; റെഡ് മീറ്റ് ഏറെ ഇഷ്ടപ്പെട്ട സംഘനേതാവ്; അദ്വാനി പ്രധാനമന്ത്രിയാകുന്നത് തന്ത്രപൂര്‍വം തകര്‍ത്തു

ദില്ലി: പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലുമായി മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിക്കു രണ്ടു മുഖമുണ്ടെന്നു വ്യക്തമാക്കി മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ പുസ്തകം. എന്‍ പി ഉല്ലേഖ് എ‍ഴുതിയ ദ അണ്‍ടോള്‍ഡ് വാജ്പേയി എന്ന പുസ്തകമാണ് ബിജെപി രാഷ്ട്രീയത്തിലെ അതികായന്‍റെ അറിയാക്കഥകള്‍ പുറത്തെത്തിച്ചിരിക്കുന്നത്.

വാജ്പേയിയുടെ വ്യക്തിജീവിതത്തില്‍ കൂടിയുള്ള അന്വേഷണമാണ് പുസ്തകം. പൊതു സമൂഹത്തില്‍ ഉണ്ടായിരുന്ന മുഖമല്ല വ്യക്തി, സ്വകാര്യ ജീവിതത്തില്‍ വാജ്പേയിക്കുണ്ടായിരുന്നതെന്നു പുസ്തകത്തില്‍ പറയുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ വേദനിച്ചു എന്ന പൊതു മധ്യത്തില്‍ പറഞ്ഞ വാജ്പേയി അതിനു തലേദിവസം മസ്ജിദ് തകര്‍ക്കാന്‍ രഹസ്യമായി ആഹ്വാനം ചെയ്തിരുന്നെന്നും പുസ്തകത്തില്‍ ഉല്ലേഖ് ചൂണ്ടിക്കാട്ടുന്നു.

എല്‍ കെ അദ്വാനി രഥയാത്ര നയിച്ച് അയോധ്യയിലെത്തുന്നതിനു തലേദിവസം വാജ്പേയി അവിടെയെത്തിയിരുന്നു. അന്നു കര്‍സേവകരെ കണ്ട വാജ്പേയി ഇവിടമാകെ നികത്തണമെന്നാണു പറഞ്ഞത്. കാവ്യാത്മകമായി പറയുന്ന ശീലമുള്ള വാജ്പേയി നികത്തുക എന്നതുകൊണ്ട് ഉദ്ദേശിച്ചതു പള്ളി പൊളിക്കണമെന്നുതന്നെയായിരുന്നെന്നാണ് വിവക്ഷ.

സ്വകാര്യ ജീവിതത്തില്‍ വാജ്പേയി സുഖലോലുപനായിരുന്നെന്നും റെഡ്മീറ്റിനോടായിരുന്നു പ്രിയമെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. എല്‍ കെ അദ്വാനിയുമായുള്ള ബന്ധത്തില്‍പോലും ഈ ഇരട്ടമുഖം വാജ്പേയി സൂക്ഷിച്ചു. അദ്വാനിയെ ആര്‍എസ്എസിലൂടെ രാഷ്ടീയത്തില്‍ കൊണ്ടുവന്നത് വാജ്പേയിയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വാജ്പേയിയെ നിര്‍ദേശിച്ച് അദ്വാനിയും ആയിരുന്നു. എന്നാല്‍, അദ്വാനി ഉപപ്രധാനമന്ത്രിയായതിനോടു വാജ്പേയിക്ക് യോജിപ്പില്ലായിരുന്നു. അദ്വാനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമോ എന്നു വാജ്പേയി ഭയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അദ്വാനിയുടെ കൂടെയുണ്ടായിരുന്നവരെ വിഘടിപ്പിച്ച് ആ നീക്കം തന്ത്രപരമായി വാജ്പേയി പൊളിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

അടിയന്തരാവസ്ഥയിലും വാജ്പേയിക്ക് ഇരട്ട നിലപാടുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തിരുന്ന വാജ്പേയി ഇന്ദിരാഗാന്ധിയുമായി രഹസ്യധാരണയ്ക്കു ശ്രമിച്ചിരുന്നെന്നാണ് ഉല്ലേഖിന്‍റെ അന്വേഷണത്തില്‍ വ്യക്തമായത്. അടിയന്തരാവസ്ഥക്കാലത്തു വീട്ടില്‍നിന്ന് അറസ്റ്റിലായിട്ടുള്ള വാജ്പേയി പിന്നീട് ഇന്ദിരാഗാന്ധിയുമായി ധാരണയിലാകാനും സര്‍ക്കാരിനെതിരായ സമരം അവസാനിപ്പിക്കാനുമാണ് എബിവിപി ജനറല്‍ സെക്രട്ടറിയായിരുന്ന രാം ബഹാദൂര്‍ റായിയോട് ആവശ്യപ്പെട്ടത്. ഇന്ദിരാഗാന്ധിയോടു മാപ്പു പറയണമെന്നു നിര്‍ദേശിച്ചെങ്കിലും ജനറല്‍ സെക്രട്ടറി തയാറായില്ല. നെഹ്റുവുമായി നല്ല ബന്ധമുണ്ടായിരുന്ന വാജ്പേയി ഇന്ദിരയുമായും അതേ ബന്ധം സൂക്ഷിക്കാനാണു ശ്രമിച്ചത്.

ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട സമയത്ത്, എന്‍എസ്എസ് – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉന്നയിച്ച അതേ ആരോപണങ്ങള്‍തന്നെ പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. പൊതു സമൂഹത്തില്‍ എന്നും മതേതരവാദിയായി നില്‍ക്കാന്‍ ആഗ്രഹിച്ച വാജ്പേയി പാര്‍ട്ടിക്കുള്ളില്‍ തികഞ്ഞ വര്‍ഗീയവാദിയും ആര്‍എസ്എസ് പക്ഷപാതിയുമായിരുന്നെന്നും പുസ്തകത്തില്‍ ഉല്ലേഖ് പറയുന്നു. പാര്‍ട്ടിയില്‍നിന്നു നരേന്ദ്രമോദിയെ പുറത്താക്കാന്‍ വാജ്പേയി നീക്കങ്ങള്‍ നടത്തിയതായും പുസ്തകത്തില്‍ പറയുന്നു.

പാട്യം ഗോപാലന്‍റെ മകനാണ് എന്‍ പി ഉല്ലേഖ്. ഓപ്പണ്‍ മാഗസിന്‍റെ അസോസിയേറ്റ് എഡിറ്ററാണ് ഇപ്പോള്‍. നേരത്തേ നരേന്ദ്രമോദിയെക്കുറിച്ചു വാര്‍ റൂം എന്ന പുസ്തകം എ‍ഴുതിയതിലൂടെ ഉല്ലേഖ് ശ്രദ്ധേയനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News