ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് പരാതി; പിജി വിദ്യാര്‍ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്നും മാതാവ് - Kairalinewsonline.com
Kerala

ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് പരാതി; പിജി വിദ്യാര്‍ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്നും മാതാവ്

തിരുവനന്തപുരം: മകന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ പരാതി. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും ഇത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മഹിജ ആരോപിക്കുന്നു. പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധനടപടികള്‍ക്കെതിരെ ജിഷ്ണു പ്രതികരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കോളേജ് ഉടമ കൃഷ്ണദാസ്, പിആര്‍എ സാംജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലു, അധ്യാപകന്‍ സിപി പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ജിഷ്ണുവിനെ കൊലപ്പെടുത്തിയതെന്നും മാതാവ് ആരോപിക്കുന്നു. ജിഷ്ണുവിന്റെ മുഖത്തെ പാടുകള്‍ മൃതദേഹം അഴിച്ചുമാറ്റുമ്പോഴുണ്ടായതാണെന്ന പിജി വിദ്യാര്‍ഥിയുടെ സാക്ഷ്യപ്പെടുത്തലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് മഹിജ ആരോപിക്കുന്നു.

 

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിരുന്നു.

To Top