'എന്റെ ജീവിതവും പ്രതീക്ഷകളും അവസാനിച്ചു, ഞാന്‍ വിട വാങ്ങുന്നു'; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം - Kairalinewsonline.com
Kerala

‘എന്റെ ജീവിതവും പ്രതീക്ഷകളും അവസാനിച്ചു, ഞാന്‍ വിട വാങ്ങുന്നു’; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം

തൃശൂര്‍: ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റേതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം. പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിന്റെ പിന്നിലുള്ള ഓവുചാലില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇതില്‍ ‘എന്റെ ജീവിതവും പ്രതീക്ഷകളും അവസാനിക്കുന്നു, ഞാന്‍ വിട വാങ്ങുന്നു’ എന്ന് എഴുതിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണസംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ നീക്കം ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല. തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്ത കഴിഞ്ഞമാസം ഉത്തരവിറങ്ങിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു സസ്‌പെന്‍ഷന്‍.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളറും അറിയിച്ചിരുന്നു.

To Top