സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി പഠിക്കും; റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും; യുവജന കമ്മീഷന്റെ തീരുമാനം നിരവധി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ - Kairalinewsonline.com
Kerala

സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പീഡനത്തെപ്പറ്റി പഠിക്കും; റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും; യുവജന കമ്മീഷന്റെ തീരുമാനം നിരവധി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍

കമീഷന്‍ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികാരികളോടും വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം : സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പീഡനത്തെക്കുറിച്ച് പഠിച്ച് സംസ്ഥാന യുവജന കമീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വാശയ കോളേജുകളില്‍ മാനേജുമെന്റുകള്‍ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് സമഗ്ര പഠനത്തിന് തീരുമാനിച്ചത്. സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം ആണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍, എന്‍ജിനിയറിങ് കോളേജുകളിലും സ്വാശ്രയ മാനേജുമെന്റുകള്‍ നടത്തുന്ന അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠന വിധേയമാക്കും. വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായും അച്ചടക്കത്തിന്റെ പേരില്‍ നിഷ്ഠൂരമായ ശിക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ വിധേയമാക്കുന്നതായും നിരവധി പരാതികള്‍ കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും യുവജന കമീഷന് ലഭിച്ച സാഹച്യത്തിലാണ് സമഗ്രപഠനത്തിന് തീരുമാനം.

പഠന റിപ്പോര്‍ട്ടും വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും യുവജന കമീഷന്‍ സമര്‍പ്പിക്കും. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് സംസ്ഥാന യുവജന കമീഷന്‍ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികാരികളോടും വിശദീകരണം ആവശ്യപ്പെട്ടു.

ഏഴു ദിവസത്തിനകം കമീഷന് വിശദീകരണം സമര്‍പ്പിക്കണം. പാമ്പാടി കോളേജിലെ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളെ ഹോസ്റ്റലിന് സമീപമെത്തി പുറമെ നിന്നുള്ളവര്‍ ഭയപ്പെടുത്തുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ചും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം പറഞ്ഞു.

To Top