ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും; വിള്ളലിന് കാരണം അനധികൃത മണലെടുപ്പെന്നും മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : എംസി റോഡിലെ ഏെനാത്ത് പാലത്തിന്റെ അറ്റകുറ്റപണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഗതാഗത നിയന്ത്രണം നടത്തണമെന്ന് ഡിജിപിയോടും ഡിവൈഎസ്പി അടക്കമുളള പോലീസ് ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് എംസി റോഡിലെ ഏനാത്ത് പാലം.

1998 ലാണ് പാലം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. കഴിഞ്ഞ കാലങ്ങളിലെ അനധികൃതമായ മണലെടുപ്പ് പാലത്തിന്റെ ബലക്ഷയത്തിനു കാരണമായതായി വ്യക്തമായിരിക്കുന്നു. ഇന്നലെ പാലത്തിന്റെ ഡെക്ക് സ്‌ളാബ് താഴ്ന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രാത്രിയില്‍ തന്നെ പാലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പിലെ റോഡ് ഡിസൈന്‍, കെഎസ്ടിപി എന്നീ വിഭാഗങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാരും, മറ്റു ബന്ധപ്പെട്ട എഞ്ചിനീയര്‍മാരും, സ്ഥലത്ത് പരിശോധന നടത്തി.

പാലത്തിന്റെ രണ്ടാമത്തെ പിയറിലുള്ള ഡെക്ക് സ്‌ളാബിന്റെ ഗിര്‍ഡറുകളുടെ അടിയില്‍ സ്ഥാപിച്ച റബ്ബര്‍ ബിയറിംഗുകള്‍ പൊട്ടി ഗിര്‍ഡറുകളുടെ അടിയില്‍ നിന്നും തെന്നിമാറിയതായും അതിന്റെ ഭാഗമായി ഡെക്ക് സ്‌ളാബുകള്‍ ഏകദേശം 10 സെന്റീ മീറ്ററോളം താഴ്ന്നതായും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച റബ്ബര്‍ ബിയറിംഗുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റി സ്ഥാപിച്ച് ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും ബന്ധപ്പെട്ട എഞ്ചിനീയര്‍മാരോട് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തത്വദീക്ഷയില്ലാത്ത അനധികൃത മണലെടുപ്പുമൂലം പുഴയുടെ അടിത്തട്ട് പിയറിന്റെ അടി ഭാഗത്തു നിന്ന് 9 മീറ്ററോളം താഴ്ന്നു. പാലത്തിന് ഇരട്ട കിണര്‍ അടിത്തറയാണ് പണിതത്. മണലെടുപ്പുമൂലം അടിത്തറ 9 മീറ്ററോളം എക്‌സ്‌പോസ്ഡ് ആയി. തന്മൂലം അടിത്തറ കിണറിന്റെ മണ്ണുമായുള്ള ഘര്‍ഷണം ഇല്ലാതാകുകയും കിണറുകള്‍ക്ക് ചെരിവുകള്‍ സംഭവിച്ചിരിക്കുന്നതായും, ഈ ചെരിവുകള്‍ മൂലമാണ് റബ്ബര്‍ ബിയറിംഗുകള്‍ തെന്നിമാറിയതെന്നും എഞ്ചിനീയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മണലെടുപ്പുമൂലം അടിത്തട്ട് താഴ്ന്ന് ബലക്ഷയം വന്ന കിണറുകള്‍ ഉറപ്പുവരുത്തുന്ന പ്രവൃത്തികളും, പുഴയുടെ അടിത്തട്ട് പഴയ രീതിയിലാക്കുന്നതിനുള്ള പ്രവൃത്തികളും ഏറ്റെടുക്കേതായിട്ടുണ്ട്. പാലത്തിന്റെ എല്ലാ തൂണുകളും, ബിയറിംഗുകളും പരിശോധിക്കുന്നതിനും, പാലത്തിന്റെ മൊത്തത്തിലുളള ബലപരിശോധന നടത്തുന്നതിനും എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുന്നതിനുമുള്ള നടപടികള്‍ എടുത്തുവരുന്നതായി മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. തെന്നിമാറിയ ബിയറിംഗുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് എറണാകുളത്തു നിന്നുളള വിദഗ്ധരും യന്ത്രങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലുള്ള അടിത്തറകളുടെ കേടുപാടുകള്‍ വിശദമായി പരിശോധിക്കുവാന്‍ ക്യാമറ സംവിധാനമുള്ള മുങ്ങല്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും, ഐഐറ്റിയില്‍ നിന്നും റിട്ടയര്‍ ചെയ്ത പാലങ്ങളുടെ വിദഗ്ധനായ ഡോ. അരവിന്ദന്റെ സാങ്കേതിക ഉപദേശവും തേടണമെന്ന് ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News