സ്വാശ്രയ കോളജുകള്‍ അടച്ചിടുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് എസ്എഫ്ഐ; കോളജുകളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ച മാനേജ്മെന്റിന്റെ തീരുമാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ. കോളേജ് അടച്ചിടാനുള്ള മാനേജമെന്റിന്റെ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ചു ഇന്ന് കേരളത്തിലെ എല്ലാ സ്വാശ്രയ എഞ്ചിനീയറിങ് കോളേജിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിനെ കോളേജ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പീഡനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തിയിരുന്നു.കോപ്പി അടിച്ചതിനാലാണ് ജിഷ്ണു ആത്മഹത്യ ചെയ്തിരുന്നത് എന്നായിരുന്നു കോളേജിന്റെ വാദം.കോപ്പിയടിച്ചാല്‍ യൂണിവേഴ്സിറ്റി അധികാരികളെ അറിയിക്കണമായിരുന്നു പക്ഷെ കോപ്പി അടിച്ചതായി പറയുന്ന ദിവസം ഒരു തരത്തിലുള്ള അറിയിപ്പും കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റിക് ലഭിച്ചിരുന്നില്ല.

നെഹ്റു മാനേജുമെന്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്.മാനേജുമെന്റിന്റെ അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ മുന്നോട്ടു വരുന്ന വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് കെട്ടിച്ചമച്ച പല ആരോപണങ്ങളിലും ഇരയാക്കുകയും ക്യാമ്പസ്സിനുള്ളിലെ ഇടിമുറിയില്‍ കയറ്റി മര്‍ദിക്കുകയും മലയാളം സംസാരിചാല്‍ വലിയ സംഖ്യ പിഴ ഈടാക്കുകയും ചെയ്യുന്ന കിരാത നടപടികളാണ് ക്യാമ്പസ്സിലുണ്ടായിരുന്നത്.

മാനേജുമെന്റ് ഗുണ്ടകളുടെ മര്‍ദ്ദന പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്വാശ്രയ കോളേജുകളില്‍ നിന്ന് പുറത്തു വരുന്നത്,സ്വാശ്രയ കോളേജുകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാക്കാനാണ് മാനേജുമെന്റ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം വരും ദിവസങ്ങളിലും ഉയര്‍ത്തികൊണ്ടുവരുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here