ദേശീയത സംഘപരിവാര്‍ ആയുധമാക്കുമ്പോള്‍ വിവേകാനന്ദ ദര്‍ശനങ്ങള്‍ ചിന്തനീയം

സ്വാമി വിവേകാനന്ദന്റെ 154ാം ജന്മദിനമാണിന്ന്. ജനുവരി 12 ഇന്ത്യയിലെങ്ങും ദേശീയ യുവജനദിനമായി വിവേകാനന്ദസ്മരണ പുതുക്കുന്നു. ദേശീയതയെകുറിച്ചുള്ള സംവാദം സജീവമായി കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സ്വാമി വിവേകാനന്ദനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും പഠിക്കേണ്ടത് അനിവാര്യതയാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും, സംസ്ഥാന യുവജന കമ്മീഷന്റെയും നേതൃത്വത്തില്‍ വിപുലമായ ദിനാചരണപരിപാടികളാണ് ജനുവരി 12ന് സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി പിന്നീട് അറിയപ്പെട്ട കൊല്‍ക്കത്തയുടെ, വടക്കേ അറ്റത്തുള്ള സിമൂലിയിലാണ് അദ്ദേഹം ജനിച്ചത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയും പാരമ്പര്യവുമുള്ള കുടുംബം. നരേന്ദ്രനാഥ് എന്നാണ് വിവേകാനന്ദന്റെ യാഥാര്‍ത്ഥ പേര്. അറിവും പാണ്ഡിത്യവും ബഹുഭാഷാ ജ്ഞാനവും ആര്‍ജ്ജിച്ച മതേതരവാദിയായ വിശ്വനാഥനായിരുന്നു പിതാവ്. ധനിക കുടുംബത്തിലെ അംഗമായിരുന്നിട്ടുകൂടി സഹാനുഭൂതിയും മതസൗഹാര്‍ദ്ദ മൂല്യങ്ങളും ഉയര്‍ത്തിപിടിച്ച ഭുവനേശ്വരി ദേവിയായിരുന്നു മാതാവ്.

Swami-Vivekananda

സര്‍വ്വമതഗ്രന്ഥങ്ങളും വായിക്കാനും പഠിക്കാനുമുള്ള സാഹചര്യം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനുലഭിച്ചു. ഹിന്ദൂയിസത്തിലധിഷ്ഠിതമായ ആധ്യാത്മിക കൃതികളോടൊപ്പം ഇസ്ലാംക്രൈസ്തവ ദര്‍ശനങ്ങളും പുസ്തകങ്ങളും നരേന്ദ്രന്‍ വായിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ സഹോദരനായ ഭൂപേന്ദ്രനാഥ് ദത്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലേക്കും സാമൂഹ്യ പരിഷ്‌കരണ സംഘടനകളിലേക്കും ആകര്‍ഷിക്കപ്പെട്ടു. അന്ധവിശ്വാസവും അനാചാരങ്ങളും നിറഞ്ഞ ബംഗാളി ജനതയുടെ ഇടയിലേക്ക് സാമൂഹിക പരിഷ്‌കരണത്തിന്റെ വെളിച്ചമെത്തിക്കാനും അതേസമയം ബ്രിട്ടീഷ് മേധാവിത്തത്തിനെതിരെ പൊരുതാനും അദ്ദേഹം തയ്യാറായി. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു.

സ്വാമി വിവേകാന്ദനെ രൂപപ്പെടുത്തിയ രാഷ്ട്രീയസാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ അദ്ദേഹത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. കുട്ടിക്കാലത്ത് തന്നെ ധാരാളം വായിച്ചു. ശാസ്ത്രം, തര്‍ക്കശാസ്ത്രം, സംഗീതം, തത്വചിന്ത എന്നിവയില്‍ തല്‍പരനായിരുന്നു അദ്ദേഹം. ജാതിവിവേചനത്തിനെതിരെ ശബ്ദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ബ്രഹ്മസമാചമടക്കമുള്ള പ്രസ്ഥാനങ്ങളായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസനുമായുള്ള അടുപ്പം വിവേകാനന്ദന്റെ ജീവിതത്തില്‍ വഴിത്തിരിവായി. എല്ലാമതങ്ങളും ഒരേ വൃക്ഷത്തിന്റെ ശാഖകളാണെന്ന് ശ്രീരാമകൃഷ്ണപരമഹംസന്‍ വിശ്വസിച്ചു. ‘നരേന്ദ്രദത്ത’ എന്ന വ്യക്തിയില്‍നിന്ന് സ്വാമി വിവേകാന്ദനിലേക്കുള്ള പരിണാമം ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായതോടുകൂടിയാണ്.

ഫ്രഞ്ച് വിപ്ലവം സ്വാമി വിവേകാനന്ദനെയും സ്വാധീനിച്ചു. ശ്രീരാമകൃഷ്പരമഹംസരുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണക്കായി വിവേകാനന്ദനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. മതാതീതമായ മനുഷ്യപുരോഗതി എന്നായിരുന്നു സന്ദേശം. ജനസേവനമാണ് അതിന്റെ പ്രവര്‍ത്തനരീതി. കലാസാംസ്‌കാരികതത്വചിന്ത രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചും അനേകം പ്രഭാഷണം നടത്തിയും നവോത്ഥാന ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു. ധനികരും ദരിദ്രരരും, ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ വേദികളിലെത്തി. ശാസ്ത്രബോധം പ്രചരിപ്പിച്ചു. കപടശാസ്ത്രത്തെ തുറന്നുകാട്ടി. ദാരിദ്ര്യത്തെയും നിരക്ഷരതയെയും എതിര്‍ത്തു. അതിന്റെ കാരണങ്ങളെയും തുറന്നുകാട്ടി. വേദാനന്തദര്‍ശനത്തില്‍ ആരംഭിച്ച് ആധുനിക സോഷ്യലിസ്റ്റ് സരണിയിലേക്ക് സഞ്ചരിച്ച ചിന്തയാണ് അദ്ദേഹത്തിന്റേത്. ഞാനൊരു സോഷ്യലിസ്റ്റാണ് എന്ന് തുറന്നുപറയാന്‍ തയ്യാറായി. പുരോഹിതരുടെയും പട്ടാളക്കാരുടെയും വ്യാവസായികളുടെയും ഭരണം ലോകം കണ്ടതാണെന്നും ഇനി ഊഴം (ശൂദ്രര്‍ക്ക്) തൊഴിലാളികള്‍ക്കാണെന്നും തൊഴിലാളികള്‍ ഭരിക്കണമെന്നും അവരെ ആര്‍ക്കും തടയാനാവില്ലെന്നും പ്രഖ്യാപിച്ചു.

YOUTH-DAY-1

1893 സെപ്റ്റംബര്‍ 11ന് നടന്ന ചിക്കാഗോ സര്‍വ്വമത സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഹിന്ദുമതത്തെ പറ്റിയും സര്‍വ്വമത ചിന്തകള്‍ക്ക് അംഗീകാരം നല്‍കിയ തന്റെ നാടിനെപറ്റിയും അദ്ദേഹം വിശദീകരിച്ചു. മതതത്തെ ദുരുപയോഗം ചെയ്യുന്നതിനെ രൂക്ഷമായി എതിര്‍ത്തു. സങ്കുചിതമായ ദേശീയബോധത്തെ വിമര്‍ശിച്ചു. ‘ഇന്ത്യക്കാര്‍ക്ക് ഉടന്‍ വേണ്ടത് മതമല്ല ; ആഹാരമാണ്’ അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയും സാര്‍വ്വലൗകികതയും നമ്മെ പഠിപ്പിച്ച ഒരു മതത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും സര്‍വ്വമതങ്ങളിലെയും ഭൂമിയിലെ സര്‍വ്വ രാഷ്ട്രങ്ങളിലെയും ശരണാര്‍ത്ഥികള്‍ക്കും പീഢിതര്‍ക്കും അഭയം നല്‍കിയ ഒരു രാഷ്ട്രത്തിന്റെ പ്രതിനിധി എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. സങ്കുചിതവാദം, ഹിംസ, മതഭ്രാന്ത് എന്നിവയെ ശക്തമായി എതിര്‍ത്തു. ചിക്കാഗോ പ്രസംഗം അമേരിക്കയിലെയും ലോകത്തിലെയും പ്രബുദ്ധരായ ജനതയ്ക്ക് ആവേശമുള്ള അനുഭവമായിരുന്നു.

സ്വാമി വിവേകാനന്ദന്റെ ജന്മദിനം ഇന്ത്യയില്‍ ദേശീയ യുവജനദിനമാണ്. യുവത്വത്തിന്റെ ശക്തിയിലും സര്‍ഗ്ഗാത്മകതയിലും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ധീരതയും സാഹസികതയും സഹിഷ്ണുതയും യുവതലമുറയ്ക്ക് വേണമെന്ന് വാദിച്ചു. ഇന്നത്തെ ഇന്ത്യന്‍ സാഹിചര്യത്തില്‍ ഈ കാഴ്ചപാട് പ്രസക്തമാണ്. രാജ്യത്തെ സര്‍വ്വകലാശാലകളിലെയും നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും യുവസമൂഹം തീര്‍ത്തും നിരാശരാണ്. തൊഴിലില്ലായ്മ, ജാതി വിവേചനം, ദാരിദ്ര്യം, പട്ടിണി, മതപരമായ അസഹിഷ്ണുത, വര്‍ഗ്ഗീയത എന്നിവക്കെതിരായുള്ള യുവതലമുറയുടെ രോഷം പ്രകടമാണ്. ജെ.എന്‍.യുവിലും ഹൈദരാബദ് സര്‍വ്വകലാശാലയിലും ഉയര്‍ന്നുവന്ന പ്രതിഷേധം നാം കണ്ടതാണ്. ധനികരെ കൂടുതല്‍ ധനികരും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരും ആക്കുന്നതാണ് നവഉദാരവല്‍ക്കരണ നയങ്ങള്‍. അതോടൊപ്പം വര്‍ഗ്ഗീയത വളര്‍ന്നിരിക്കുന്നു. ഭക്ഷണ സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും വലിയ ഭീഷണികളെ നേരിടുന്നു. മതനിരപേക്ഷതയും ശാസ്ത്രബോധവും ജനാധിപത്യമൂല്യങ്ങളും പ്രചരിപ്പിച്ചവര്‍ അതുകൊണ്ട് തന്നെ വേട്ടയാടപ്പെടുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഡോ. എം.എം.കല്‍ബുര്‍ഗി എന്നിവരെ ക്രൂരമായി കൊല ചെയ്തു. അമീര്‍ഖാനും, ഷാരൂഖാനും, എം.ടി.വാസുദേവന്‍നായരും, കമലും, രജനീകാന്തും, പെരുമാള്‍ മുരുകനും എം.എം.ബഷീറുമെല്ലാം ഭീഷണികള്‍ക്ക് നടുവിലാണ്. ദളിത് ജനസമൂഹം അനുഭവിക്കുന്ന പീഢനങ്ങളും വ്യാപകമാകുന്നു. വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്തണമെന്ന ആക്രോശം ജനാധിപത്യത്തിന് ഭൂഷണമല്ല.

Swami-Vivekananda-1

ഇന്ത്യന്‍ ദേശീയത ആധുനികകാലത്ത് രൂപപ്പെട്ട മൂല്യമാണ്. അതിനു കാരണമായത് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ നടന്ന സമരമാണ്. സര്‍വ്വ മതത്തില്‍പെട്ടവരും ഒരുമിച്ച് നടത്തിയ മഹാസമരമാണത്. ഇന്ത്യന്‍ ദേശീയത എന്നത് നാനാത്വത്തില്‍ ഏകത്വമാണ്. നാനാത്വം അനേകം ജാതി, മത, ഭാഷാ, സാംസ്‌കാരിക മൂല്യങ്ങളുടെ വൈവിധ്യമാണ്. വൈവിധ്യപൂര്‍ണമായ ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ ‘നമ്മളൊന്ന്’ എന്ന് ചിന്തിക്കാന്‍ നമുക്ക് കഴിയണം. വൈവിധ്യങ്ങളെ ഇല്ലാതാക്കി കൊണ്ട് ഏകത്വം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കരുത്. ഇന്ത്യന്‍ ദേശീയതയുടെ കുത്തകാവകാശം ഏറ്റെടുത്തുകൊണ്ട് ചില വര്‍ഗ്ഗീയവാദികള്‍ രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുകയാണ്. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗ്ഗീയതയും തീവ്രവാദവും രാജ്യത്തിന് ഭീഷണിയാണ്. അത് വികസനത്തിന് എതിരാണ്, വളര്‍ച്ചയ്ക്ക് എതിരാണ്. സാമ്പത്തിക ദുരത്തിലേക്ക് ജനങ്ങളെ തള്ളിയിടുകയും അതിനെതിരായ ശബ്ദത്തെ വര്‍ഗ്ഗീയമായ ഭിന്നിപ്പിലൂടെ ഇല്ലാതാക്കുകയും ചെയ്യാനാണ് ശ്രമം. നോട്ടുനിരോധനം ജനങ്ങള്‍ക്കുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല.

കേരളത്തിലെ യുവജനങ്ങള്‍ എക്കാലത്തും രാജ്യത്തിന് മാതൃകയാണ്. നവോത്ഥാനവും മതസഹിഷ്ണുതയും സാക്ഷരതയും സമഗ്രവികസനവും ജനകീയ വിദ്യാഭ്യാസവുമെല്ലാം കേരളത്തിന്റെ സവിശേഷതയാണ്. യുവത്വത്തിന് കേരളത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. സുസ്ഥിരമായ വികസനം, പരിസ്ഥിതി സംരക്ഷണം, ജനകീയ വിദ്യാഭ്യാസ സംരക്ഷണം, സാമൂഹ്യക്ഷേമം, അഴിമതി രഹിത സമൂഹം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുരോഗതി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വലിയ പരിശ്രമം നടത്തുകയാണ്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണം. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ യുവജനക്ഷേമബോര്‍ഡും. യുവജനകമ്മീഷനും സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ജനങ്ങളുടെ സഹകരണം ആവശ്യമുണ്ട്. ജനുവരി 12ന് യുവജനക്ഷേമബോര്‍ഡിന്റെയും യൂത്ത് കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദപാര്‍ക്കില്‍ പുഷ്പാര്‍ച്ചയും അനുബന്ധയോഗവും സംഘടിപ്പിക്കും. ‘ഇന്ത്യന്‍ മതനിരപേക്ഷത: സ്വാമി വിവേകാന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ പശ്ചാതലത്തില്‍’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പ്രചരണ പരിപാടിയും സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News