കാമ്പസുകളെ ജനാധിപത്യ വല്‍കരിക്കാന്‍ സമരവസന്തവുമായി എസ്എഫ്ഐ; ജിഷ്ണുമാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; സമരവസന്തം ആഷിക് അബു ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനും കേരളത്തിലെ കാമ്പസുകളെ ജനാധിപത്യവല്‍കരിക്കാനുമായി എസ്എഫ്ഐ സമരവസന്തം സംഘടിപ്പിക്കുന്നു. കാമ്പസുകളിലെ അരാഷ്ട്രീയ പ്രവണതകള്‍ തകര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായും സമാധാനപൂര്‍ണമായും പഠിക്കാന്‍ അവസരമൊരുക്കുകയാണ് സമരവസന്തം പ്രചാരണത്തിന്‍റെ ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം പതിനെട്ടിന് ഉച്ചയ്ക്കു രണ്ടിന് പാമ്പാടി നെഹ്റു കോളജിനു മുന്നില്‍ സംവിധായകന്‍ ആഷിക് അബു നിര്‍വഹിക്കും.

വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കാത്ത കാമ്പസുകളിലാണ് ജിഷ്ണു നേരിട്ടതുപോലുള്ള അതിക്രമങ്ങളുണ്ടാകുന്നതെന്നും സ്വാശ്രയ മാനേജ്മെന്‍റുകള്‍ കരുതിക്കൂട്ടി രാഷ്ട്രീയത്തെ കാമ്പസുകളില്‍നിന്ന് ഇല്ലാതാക്കുകയായിരുന്നെന്നും അതിനു മറുപടിയാണ് എസ്എഫ്ഐ ആരംഭിക്കുന്ന സമരവസന്തമെന്നും സംസ്ഥാന സെക്രട്ടറി എം വിജിന്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു. എല്ലാ ജില്ലകളിലും തുടര്‍ച്ചയായി സമരവസന്തം സംഘടിപ്പിക്കും. കലാ, കായിക, സാംസ്കാരിക രംഗത്തുള്ളവരായിരിക്കും പരിപാടിക്കു നേതൃത്വം നല്‍കുക.

കാമ്പസുകളെ ജനാധിപത്യവല്‍കരിക്കുക എന്നത് സര്‍ഗാത്മകമാക്കലാണ്. കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ വന്നതിനു പിന്നാലെയാണ് വിദ്യാര്‍ഥി സംഘടനകള്‍ക്കു വിരുദ്ധമായ അഭിപ്രായം ഉയര്‍ന്നത്. ഇതു മാനേജ്മെന്‍റുകളുടെ ഗൂഢാലോചനയായിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ഇല്ലാതായതോടെയാണ് കാമ്പസുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായത്.

ജിഷ്ണുവിന്‍റെ മരണം ചര്‍ച്ചയായതോടെ നിരവധി വിദ്യാര്‍ഥികളുെട രക്ഷിതാക്കളാണ് തന്നെ വിളിക്കുന്നതെന്നും ആ കാമ്പസുകളിലെല്ലാം എസ്എഫ്ഐ യൂണിറ്റ് ആരംഭിക്കണമെന്നാണ് അവര്‍ ആ‍വശ്യപ്പെടുന്നതെന്നും വിജിന്‍ പറഞ്ഞു. രാഷ്ട്രീയമുണ്ടെങ്കില്‍ കാമ്പസുകളില്‍ പ്രശ്നമുണ്ടാകുമെന്ന മാനേജ്മെന്‍റുകളുടെ പ്രചാരണം അടിസ്ഥാനരഹിമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

കേരളത്തിലെ എല്ലാ കാമ്പസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് എന്തു സഹായത്തിനും സമീപിക്കാവുന്ന കമ്മീഷന്‍ എസ്എഫ്ഐ ആരംഭിക്കും. ഇരുപത്തിനാലു മണിക്കൂറും ആര്‍ക്കും ഇവിടേക്കു വിളിക്കാനാകും. ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാനും ഇടിമുറികള്‍ ഇടിച്ചുനിരത്താനുമാണ് സമരവസന്തം സംഘടിപ്പിക്കുന്നതെന്നും വിജിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News