സിറാജുന്നിസയുടെ ഉയിർത്തെഴുന്നേല്പുകൾ

1991 ഡിസംബർ 15-ന് , പാലക്കാട് പുതുപ്പള്ളിത്തെരുവിൽ നടന്ന പോലിസ് വെടിവയ്പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ് തകർക്കുന്നതുവരെ കാര്യങ്ങൾ കൊണ്ടെത്തിച്ച ഒട്ടേറെ യാത്രകളിൽ പാലക്കാട് പട്ടണത്തിലൂടെയുള്ളൊരു യാത്രയുടെ കാലത്തായിരുന്നു ഇത്. ആ യാത്രയെത്തുടർന്നുള്ള സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആ പാവം പെൺകുട്ടിയുടെ ജീവനെടുത്ത പോലിസ് വെടിവയ്പ് ഉണ്ടായത്. ആ വേദനിപ്പിക്കുന്ന ഓർമ്മകളെ ടി.ഡി. രാമകൃഷ്ണൻ സമകാലികമായ അന്തരീക്ഷത്തിലേക്ക് പറിച്ചുനട്ടുകൊണ്ട് എഴുതിയ കഥയാണ് സിറാജുന്നിസ. ഭരണകൂടഭീകരതയും മതവർഗീയ ചേരിതിരിവും ഇന്ത്യയിലാകമാനും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സിറാജുന്നിസയെ പല സാഹചര്യങ്ങളിൽ ആഖ്യാതാവ് കണ്ടുമുട്ടുന്നതായാണ് കഥ വികസിക്കുന്നത്.

പിൽക്കാലത്ത് കഥാകാരൻ ആദ്യമായി സിറാജുന്നിസയെ കണ്ടുമുട്ടിയത് ഗുജറാത്ത് കലാപാനന്തരമായിരുന്നു. സൂറത്തിലെ ഒരു ഫാക്ടറിയിൽ ട്രക്ക് ഡ്രൈവറായിരുന്ന ഭർത്താവ് ഫിറോസിനൊപ്പം സ്വസ്ഥമായി ജീവിക്കവെയാണ് പെട്ടന്നൊരുദിനം പൊട്ടിപ്പുറപ്പെടുന്ന കലാപത്തിൽ ഒരു മുസ്ലിം സ്ത്രീയായതുകൊണ്ടുമാത്രം ഹിന്ദുത്വപാർട്ടിയുടെ നേതാക്കന്മാരും പോലിസുകാരും ഇതു ഫിറോസിന്റെ പെണ്ണല്ലെ, ഇവൾമതി എന്നു പറഞ്ഞ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സിറാജുന്നിസയെകാണുന്നു. മുംബൈയിൽവച്ച് ഒരു പ്രത്യേക ജാതിക്കാരിയായതുകൊണ്ടുമാത്രം ലതാ മങ്കേഷ്കർ പാടിയ സത്യം ശിവം സുന്ദരം ആലപിക്കുന്നതിൽനിന്നും തടപ്പെടുന്ന സിറാജുന്നിസയെ 2014-ൽ കഥാകൃത്ത് കാണാൻ ഇടയായി. ജെ എൻ യു കാമ്പസിൽവച്ചാണ് കഥാകൃത്ത് അവസാനമായി സിറാജുന്നിസയെ കണ്ടത്. കാശ്മീരിലേക്കൊരു യാത്രപോയതിന്റെ പേരിൽ പട്ടാളവുംത്തിന്റെയും പോലീസിന്റെയും ക്രൂരമായ ചോദ്യംചെയ്യലിനും പീഡനങ്ങൾക്കും ഇരയായതിന്റെ കഥയായിരുന്നു അപ്പോഴവൾക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

പുതുപ്പള്ളിത്തെരുവിലെ വെയിവയ്പിൽ കൊല്ലപ്പെട്ടിരുന്നില്ലെങ്കിലും ഒരു മുസ്ലിം യുവതി എന്ന നിലയ്ക്ക് തന്റെ ജീവിതം സുരക്ഷിതമോ സുഖകരമോ ആയിത്തീരുമായിരുന്നോ എന്ന ചോദ്യമാണ് സിറാജുന്നിസ കഥയിലൂടെ മുന്നോട്ടവയ്ക്കുന്നത്.
യൗവനത്തിൽ വിപ്ലവം തലയ്ക്കുപിടിച്ച് ആന്ധ്രയ്ക്കു വണ്ടികയറിയൊരു ചെറുപ്പക്കാരൻ വർഷങ്ങൾക്കുശേഷം ആ ദിനങ്ങൾ ഓർത്തെടുക്കുന്ന ബലികുടീരങ്ങളേ, വിശ്വാസസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കടയ്ക്കലുള്ള കൈകടത്തലുകളെ ചിത്രീകരിക്കുന്ന വെറുപ്പിന്റെ വ്യാപാരികൾ, മതമൗലികവാദത്തിനെതിരെ പോരാടുന്നൊരു യുക്തിവാദിയുടെ കഥപറയുന്ന സൂര്യനഗർ, അധോലോകപ്രവർത്തക രേഖയുടെ കഥ സ്വപ്നമഹൽ, പരിഷ്കാരഭ്രമങ്ങളിൽ എന്തുമാകാം എന്നു ചിന്തിക്കുന്ന യുവതയെ ചിത്രീകരിക്കുന്ന വിശ്വാസം അതല്ലെ എല്ലാം, പുരുഷമേധാവിത്വത്തിനെതിരെയുള്ള ചെറുത്തുനില്പിനെ രേഖപ്പെടുത്തുന്ന കെണി എന്നിങ്ങനെ സമകാലിക ഇന്ത്യനവസ്ഥകളുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ആറു കഥകൾകൂടി ചേർന്നതാണ് ടി ഡി രാമകൃഷ്ണന്റെ സിറാജുന്നിസ എന്ന കഥാസമാഹാരം.
കൃതി സിറാജുന്നിസ
ഗ്രന്ഥകാരൻ ടി ഡി രാമകൃഷ്ണൻ
വിഭാഗം കഥ
പേജ് 88
വില 80

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here