‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ലെന്ന് പറഞ്ഞ് സംഘഭീഷണിക്കെതിരെ പ്രതിഷേധിച്ച അലന്‍സിയറിന് അഭിനന്ദനപ്രവാഹം; ആര്‍എസ്എസിന്റെ തല്ലുകിട്ടുമെന്ന് പറഞ്ഞപ്പോള്‍ ബേബിച്ചേട്ടന്‍ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. മലയാളത്തിലെ മറ്റുതാരങ്ങള്‍ മൗനം പാലിക്കുമ്പോള്‍, തന്റെ നിലപാട് വ്യക്തമാക്കിയ ബേബിച്ചേട്ടനാണ് യഥാര്‍ത്ഥ താരമെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. ട്രോള്‍ പേജുകളിലും അലന്‍സിയര്‍ തന്നെയാണ് താരം.

ഇന്നലെ കാസര്‍ഗോഡ് വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധനാടകം. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല, ഇത്. പ്രതിരോധമാണ്. നടനാണ്. അതിനേക്കാളുപരി ഈ നാട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യനാണ് താന്‍ എന്ന് അലന്‍സിയര്‍ പറയുന്നു.

‘എന്റെ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനെക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്? എന്നു ചോദിച്ചു തുടങ്ങുന്ന തെരുവു നാടകം അവസാനിക്കുന്നത് ‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ല’ എന്ന് പറഞ്ഞാണ്.


അലന്‍സിയറിന്റെ പ്രതിഷേധത്തെക്കുറിച്ച് അറിയാമായിരുന്ന മനീഷ നാരായന്‍ പറയുന്നത് ഇങ്ങനെ:

ഇന്നലെ ഉച്ചയ്ക്കാണ് അലന്‍ ചേട്ടന്‍ നാടകത്തിന്റെ കാര്യം പറയുന്നത്. പ്ലാനിംഗ് നടക്കുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞു;
അലന്‍ ചേട്ടാ RSSന്റെ strong area ആണ് കാസര്‍ഗോഡ്, ചിലപ്പോ തല്ല് വരെ കിട്ടും. അപ്പൊ പുള്ളി പറഞ്ഞു: ”തല്ലട്ടെടി, എനിക്കതൊന്നും ഒരു വിഷയമേ അല്ല. എനിക്കിപ്പോ ഈ ഹോട്ടല്‍ മുറിയില്‍ വാതിലടച്ചു കുറ്റിയിട്ട് AC ഓണ്‍ ചെയ്ത് മൂടിപ്പുതച്ച് സുഖമായി കിടക്കാം. പക്ഷെ ഉറങ്ങാന്‍ പറ്റൂല. അത്രേം ഭീകരമായ കാലത്തും ലോകത്തുമാണ് നമ്മള്‍ ജീവിക്കുന്നത്. ആരും അത് മനസിലാക്കുന്നില്ല.”

എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ടാവണം പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു; ‘എടീ അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here