തീയറ്റര്‍ ഉടമകള്‍ക്കെതിരെ മുഖ്യമന്ത്രി; ഏകപക്ഷീയ സമരം പിന്‍വലിക്കണം; സ്തംഭനാവസ്ഥ മറികടക്കാന്‍ തടസം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാടെന്നും പിണറായി വിജയന്‍

തിരുവനന്തപുരം : തീയറ്റര്‍ ഉടമകളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന ഏകപക്ഷീയ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏകപക്ഷീയ സമരം ശരിയല്ല. സ്തംഭനാവസ്ഥ മറികടക്കാന്‍ തടസം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാടാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറായാല്‍ സമരത്തിനാധാരമായ പ്രശ്‌നങ്ങള്‍ വസ്തുതാ പഠന സമിതിയെ വെച്ച് പരിശോധിക്കാം. ആവശ്യമെങ്കില്‍ അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് റഗുലേറ്ററി കമ്മീഷനെ വയ്ക്കാം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കികയാണ്. സമരം നിര്‍ത്തിവെച്ച് അനുരഞ്ജനത്തിലേക്ക് വഴിതുറക്കുകയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇത് സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയ നിലപാടാണ്. സര്‍ക്കാരിന്റെ നിലപാടോ മനോഭാവമോ അല്ല, ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണ് സ്തംഭനാവസ്ഥ മറികടക്കുന്നതിനുള്ള തടസം. അത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തന്നെ നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഒരുകാര്യം വ്യക്തമാക്കി. ഏകപക്ഷീയമായി സമരത്തിനു പോകുന്നത് ശരിയല്ല എന്നതായിരുന്നു അത്. സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടത്തുമെന്നും അതുവരെ സമരത്തിനു പോകരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗം വിളിച്ച് പ്രശ്‌നപരിഹാര ശ്രമങ്ങളുമായി മുന്നോട്ടുപോയെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

വരുമാനം പങ്കുവെക്കുന്ന കാര്യത്തില്‍ ഏകപക്ഷീയമായ അനുപാതമാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. അതില്‍നിന്നു പുറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും അറിയിച്ചു. എന്നാല്‍ മറ്റ് സംഘടനകളെല്ലാം സര്‍ക്കാര്‍ നിലപാടിനോടു യോജിച്ചു. തിയറ്റര്‍ ഉടമകളുടെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ലെന്ന് ചലച്ചിത്ര നിര്‍മാതാക്കള്‍ അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വസ്തുതാ പരിശോധനാ സമിതിയെ വെച്ച് പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാം. ആവശ്യമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഒരു റഗുലേറ്ററി കമ്മീഷനെ തന്നെ നിയോഗിക്കാം. സമരത്തിലേക്കു പോകരുതെന്നും സാംസ്‌കാരികവകുപ്പ് മന്ത്രി യോഗത്തിലറിയിച്ചു. ഇതര സംഘടനകളൊക്കെ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സമരത്തിലേക്കിറങ്ങുകയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here