ആര്‍എസ്എസ് – ബിജെപി നിലപാടുകളെ തുറന്നെതിര്‍ത്ത് സികെ പത്മനാഭന്‍; എംടി ഹിമാലയത്തിന് തുല്യം; കമല്‍ രാജ്യസ്‌നേഹി; ചെഗുവേരയെ വാഴ്ത്തിയും ബിജെപിയുടെ മുതിര്‍ന്ന നേതാവ്

കണ്ണൂര്‍ : സംഘപരിവാറിന്റെ നിലപാടുകളെ തുറന്നെതിര്‍ത്ത് ബിജെപി നേതാവ് സികെ പത്മനാഭന്‍. സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍, സംവിധായകന്‍ കമല്‍, ചെ ഗുവേര എന്നിവര്‍ക്കെതിരായ സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. ഇതാദ്യമായാണ് സംഘപരിവാര്‍, ബിജെപി നിലപാടുകളെ തള്ളി ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ സികെ പത്മനാഭന്‍ രംഗത്തുവരുന്നത്.

ബിജെപിയുടെ കള്ളപ്പണ പ്രചരണ ജാഥയുടെ ഉദ്ദേശത്തില്‍ നിന്ന് വഴിമാറി. സംവിധായകന്‍ കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എഎന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ വൈകാരിക പ്രകടനം മാത്രമാണ്. രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണ് കമലിന്റെ ചലച്ചിത്രങ്ങള്‍. സംവിധായകന്‍ കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. പാകിസ്താനിലേക്ക് പോകണം എന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും സികെ പത്മനാഭന്‍ പീപ്പിളിനോട് പറഞ്ഞു.

നോട്ട് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ എംടി വാസുദേവന്‍ നായരെ എതിര്‍ത്ത ബിജെപി നേതാക്കളെയും സികെ പത്മനാഭന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹിമാലയത്തിന് തുല്യമാണ് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവര്‍ കഅത് കണ്ടെത്തട്ടെയെന്നും സികെ പത്മനാഭന്‍ തുറന്നടിച്ചു.

ബൊളീവിയന്‍ സമരനായകന്‍ ചെഗുവേരയെ എതിര്‍ത്ത ബിജെപി നേതാക്കളുടെ നിലപാടിനെയും സികെ പത്മനാഭന്‍ രൂക്ഷമായി വിമര്‍ശിച്ചു. ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കട്ടെ. വിമര്‍ശിക്കുന്നവര്‍ ചെഗുവേരയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം. മുന്‍വിധിയോടെയുള്ള വിമര്‍ശനത്തോട് പ്രതികരിക്കുന്നില്ലെന്നും സികെ പത്മനാഭന്‍ പറഞ്ഞു.

ക്യബന്‍ വിപ്ലവത്തിന് ശേഷം അധികാരം വിട്ടെറിഞ്ഞ് ബൊളീവിയന്‍ കാടുകളിലേക്ക് പോയ വിപ്ലവകാരിയാണ് ചെ ഗുവേര. ചെ ഗുവേരയെ മാതൃകയാക്കണമെന്ന് അന്നും ഇന്നും യുവാക്കളോട് താന്‍ പറയുന്നത്. ഗാന്ധിയെപ്പോലെയാണ് ചെഗുവേരയെന്നും സികെ പത്മനാഭന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel