സിനിമാ പ്രതിസന്ധിക്കു പരിഹാരം; തിയേറ്റര്‍ സമരം പിന്‍വലിച്ചു; ദിലീപിന്‍റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന; ഇനി സിനിമാ പ്രതിസന്ധിയുണ്ടാകില്ലെന്ന് ദിലീപ്

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയെ ഒരു മാസമായി അനിശ്ചിതത്വത്തിലാക്കിയ തിയേറ്റര്‍ സമരം അവസാനിച്ചു. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് പരിഭ്രാന്തിയിലായ സമരക്കാര്‍ സമത്തില്‍നിന്നു പിന്‍മാറിയത്. അതേസമയം, ലിബര്‍ട്ടി ബഷീറിന്‍റെ നിലപാടുകളില്‍നിന്നു വിയോജിച്ചിരുന്ന നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. നല്ല ഉദ്ദേശത്തോടെയാണു പുതിയ സംഘടനയെന്നും ഇനി സംസ്ഥാനത്തെ സിനിമാ മേഖലയില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നും ദിലീപ് പറഞ്ഞു.

സമരം പിന്‍വലിക്കുന്നതായും ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുമെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കിയതോടെയാണു പ്രതിസന്ധിക്ക് അന്ത്യമായത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്നായിരുന്നു ബഷീറിന്‍റെ വിശദീകരണം. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ പറഞ്ഞു. എന്നാല്‍, ലിബര്‍ട്ടി ബഷീറിന്‍റെ പിടിവാശിയില്‍ സമരം നീണ്ടുപോകുന്നതില്‍ സംഘടനയ്ക്കുള്ളിലുണ്ടായ അതൃപ്തിയാണ് പ്രശ്നം പരിഹരിക്കുന്നതിനു കാരണമായതെന്നാണ് സൂചന.

സിനിമകളുടെ ടിക്കറ്റ് നിരക്കിന്‍റെ പകുതി തിയേറ്ററുകള്‍ക്കു വേണമെന്ന തിയേറ്റര്‍ ഉടമകളുടെ നിലപാടാണ് സമരത്തിനു വ‍ഴിവച്ചത്. ഇത് അംഗീകരിക്കില്ലെന്നു വിതരണക്കാരും നിര്‍മാതാക്കളും പറഞ്ഞു. അതോടെ, സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നു ലിബര്‍ട്ടി ബഷീര്‍ നിലപാടെടുക്കുകയായിരുന്നു. നിലവില്‍ നാല്‍പതു ശതമാനമാണ് തിയേറ്ററുകള്‍ക്കുള്ള വിഹിതം. സമരം ദിവസങ്ങള്‍ പിന്നിട്ടതോടെ സംഘടനയില്‍ അമര്‍ഷം ശക്തമായി. അതൃപ്തരായ തിയേറ്റര്‍ ഉടമകള്‍ക്കു രക്ഷകനായി ദിലീപ് എത്തുകയായിരുന്നു.

ദിലീപിന്‍റെ നീക്കത്തോടായിരുന്നു സംഘടനയില്‍ ഭൂരിപക്ഷം പേര്‍ക്കും പിന്തുണ. സംഘടനയുടെ ട്രഷറര്‍ അടക്കമുള്ളവര്‍ രാജിവച്ചു ദിലീപിനൊപ്പം ചേര്‍ന്നു. കൂടുതല്‍ പേര്‍ സംഘടന വിട്ടുപോകുമെന്ന് വ്യക്തമായതോടെ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ലിബര്‍ട്ടി ബഷീറിന് വഴങ്ങേണ്ടിവന്നു എന്നതാണ് സത്യം. സമരത്തില്‍ നിന്ന് പിന്‍മാറാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം ‘ഭൈരവ’ ഫെഡ​റേഷന്റെ കീഴിലുള്ള 72 ഓളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ ക‍ഴിയാത്തതു സംസ്ഥാനത്തെ സിനിമാ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിനിടെ, ചില തിയേറ്ററുകളില്‍ ഡോ. ബിജുവിന്‍റെ കാടുപൂക്കുന്ന നേരം എന്ന സിനിമ റിലീസ് ചെയ്യുകയും ചെയ്തു.

നിര്‍മ്മാതാക്കള്‍ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ദിലീപിനു മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും ലഭിച്ചിരുന്നു. സ്വന്തമായി നിര്‍മാണ- വിതരണ കമ്പനികളും തീയേറ്ററുകളും ഉള്ളവരാണ് ദിലീപ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍. ഇവരുടെ സംഘടനയിലേക്ക് കൂടുതല്‍ എ ക്ലാസ് തീയേറ്റര്‍ ഉടമകള്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ സമരം പിന്‍വലിക്കുകയല്ലാതെ മറ്റു മാര്‍ഗം ലിബര്‍ട്ടി ബഷീറിനും കൂട്ടര്‍ക്കും മുന്നിലില്ലാതെ വരികയായിരുന്നു എന്നതാണ് വാസ്തവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News