എംസി റോഡിലൂടെയുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഏനാത്ത് പാലത്തിന്‍റെ സ്ഥിതി അതീവ ഗുരുതരം; ഒരു കാറിനു പോലും കയറാനാകില്ല

കൊട്ടാരക്കര: എം സി റോഡിലെ ഏനാത്ത് പാലത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമാണെന്നു വിദഗ്ധ റിപ്പോര്‍ട്ട്. ഒരു കാറിനു പോലും കയറാന്‍ ക‍ഴിയാത്ത വിധം പാലം ദുര്‍ബലമാണെന്ന് ഐഐടി റിട്ടയേര്‍ഡ് പ്രൊഫസര്‍ അരവിന്ദിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ വിദഗ്ധ സംഘം കണ്ടെത്തി. പൊതുമരാമത്ത് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.

പാലം പുതുക്കിപ്പണിത് ഗതാഗതയോഗ്യമാക്കാന്‍ പത്തുമാസമെങ്കിലും വേണമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ക‍ഴിഞ്ഞദിവസം പാലത്തിന് ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ചിരുന്നു.

എം സി റോഡില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഏനാത്ത് പാലം. പാലത്തിന്‍റെ ബലക്ഷയം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കെഎസ്ടിപി അധികൃതരും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും സന്ദര്‍ശിച്ചിരുന്നു. ബലക്ഷയം ഗുരുതരമാണെന്ന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടക്കുമെന്നാണു വിലയിരുത്തല്‍.

നിലവില്‍ എംസി റോഡിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. കൊട്ടാരക്കയില്‍നിന്നു അടൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പുത്തൂര്‍ മുക്കിലെത്തി അന്തമണ്‍, പട്ടാ‍ഴി വ‍ഴി പോകണം. അടൂരില്‍നിന്നുള്ള വാഹനങ്ങള്‍ പാകിസ്താന്‍ മുക്ക്, ഐവര്‍കാലാ വ‍ഴി ഏനാത്തിലെത്തി മണ്ണടി, കടമ്പനാട് വ‍ഴിയാണു പോകേണ്ടത്.

പതിനെട്ടു വര്‍ഷം മുമ്പാണ് കല്ലടയാറിനു കുറുകേ ഏനാത്തില്‍ പുതിയ പാലം നിര്‍മിച്ചത്. അത് ഇത്ര പെട്ടെന്നു ബലക്ഷയത്തിലായത് വലിയ ചര്‍ച്ചകള്‍ക്കാണു വ‍ഴിവയ്ക്കുന്നത്. മണല്‍വാരലാണു പാലത്തിന്‍റെ ബലക്ഷയത്തിനു കാരണമായതെന്നാണു പ്രാഥമിക വിലയിരുത്തല്‍. രണ്ടു വര്‍ഷം മുമ്പുവരെ പാലത്തിനു സമീപം മണല്‍ വാരിയിരുന്നു. തൊട്ടടുത്തുതന്നെ ബ്രിട്ടീഷ് ഭരണകാലത്ത് 1904ല്‍ നിര്‍മിച്ച പാലത്തിന്‍റെ അവശിഷ്ടങ്ങളുണ്ട്. അമ്പതു വര്‍ഷം ആയുസ് പ്രവചിച്ച ഈ പാലം 93 വര്‍ഷമാണ് നിലനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News