നോട്ട് നിരോധനം നാണം കെടുത്തിയെന്നു റിസർവ് ബാങ്ക് ജീവനക്കാർ; ആർബിഐ ഗവർണർക്ക് ജീവനക്കാരുടെ കത്ത്

ദില്ലി: നോട്ട് നിരോധനത്തിൽ അതൃപ്തി പ്രകടമാക്കി റിസർവ് ബാങ്ക് ഗവർണർക്ക് ജീവനക്കാർ തുറന്ന കത്തെഴുതി. നോട്ട് നിരോധനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും നാണം കെടുത്തിയെന്നാണ് ആർബിഐ ഗവർണർ ഊർജിത് പട്ടേലിനു ജീവനക്കാർ എഴുതിയ കത്തിൽ പറയുന്നത്. നോട്ട് നിരോധനം ആർബിഐയുടെ പ്രതിഛായയേയും വിശ്വാസ്യതയേയും ദോഷകരമായി ബാധിച്ചുവെന്നും ജീവനക്കാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നോട്ട് നിരോധനം കൈകാര്യം ചെയ്തതിലെ പിടിപ്പുകേട് തുറന്നുകാട്ടിക്കൊണ്ടാണ് കത്ത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനു കേന്ദ്രസർക്കാർ ഉദ്യേഗസ്ഥനെ നിയമിച്ചതും റിസർവ് ബാങ്ക് ജീവനക്കാർക്കിടയിൽ അസ്വസ്ഥതയുളവാക്കി. ഇതിനെയും ജീവനക്കാർ കത്തിൽ വിമർശിക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് റിസർവ്വ് ബാങ്ക് ഓഫീസേഴ്‌സ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ ആണ് ഊർജിത് പട്ടേലിനു തുറന്ന കത്തെഴുതിയത്.

നോട്ട് നിരോധനം കൈകാര്യം ചെയ്തതിലെ പിടിപ്പുകേട് ആർബിഐയുടെ പ്രതിഛായ മോശമായി. മാത്രമല്ല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ നിയമിക്കുക വഴി കേന്ദ്രസർക്കാർ ആർബിഐയുടെ സ്വയംഭരണാവകാശം ഹനിച്ചുവെന്നും ജീവനക്കാർ ആക്ഷേപമുന്നയിക്കുന്നു. ‘വിവേക പൂർണമായ തീരുമാനവും നിസ്വാർത്ഥമായ സേവനവും കൊണ്ട് ആർബിഐ കാലങ്ങളായി കെട്ടിപ്പടുത്ത വിശ്വാസ്യതയും പ്രതിഛായയുമാണ് നോട്ട് നിരോധനം കൊണ്ട് നഷ്ടമായത്.

Rbi-Leter

ഇത് ഏറെ ദുഃഖമുണ്ടാക്കുന്ന വസ്തതുയാണ്. 1935 മുതൽ നോട്ട് അച്ചടിക്കുന്നതും തീരുമാനമെടുക്കുന്നതും ആർബിഐ ആണ്. ഇതിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ അംഗീകരിക്കാനാകില്ല. ആർബിഐയുടെ സ്വയം ഭരണാവകാശത്തിൻമേലുള്ള കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കാനാകില്ല. വിഷയത്തിൽ ആർബിഐ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ ജീവനക്കാർ ആവശ്യപെടുന്നു.

റിസർവ് ബാങ്ക് മുൻ ഗവർണർമാരായ മൻമോഹൻ സിംഗ്, വൈ.വി റെഡ്ഡി, ബിമൽ ജലാൻ തുടങ്ങിയവർ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ കുറിച്ച് ആശങ്കയറിയിച്ചതിനു പിന്നാലെയാണ് നോട്ട് നിരോധനത്തിൽ അതൃപ്തി അറിയിച്ച് ഗവർണർക്ക് ജീവനക്കാർ കത്തെഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here