ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; തോല്‍പ്പിച്ചത് 351 റണ്‍സെന്ന ലക്ഷ്യം മറികടന്ന്; നായകന്‍ കോഹ്‌ലിക്കും കേദാറിനും സെഞ്ച്വറി

പൂനെ : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 351 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ ടീം പിന്തുടര്‍ന്ന് നേടുന്ന മികച്ച രണ്ടാമത്തെ സ്‌കോറാണിത്. ഏകദിന നായകനെന്ന നിലയില്‍ വിരാട് കോഹ്‌ലി നേടുന്ന ആദ്യ വിജയവും.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ വമ്പന്‍ സ്‌കോറാണ് സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ ഇംഗ്ലണ്ട് 350 റണ്‍സെടുത്തത്. ജേസണ്‍ റോയ് (73), ജോ റൂട്ട് (78), ബെന്‍ സ്‌റ്റോക്‌സ് (62) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് കൂറ്റന്‍ സ്‌കോറിന് വഴിയൊരുക്കിയത്.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയ്ക്ക മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയും അതേനാണയത്തില്‍ തിരിച്ചടിച്ചു. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും അതിവേഗം മടങ്ങി. ഇരുവരും യഥാക്രമം എട്ടും ഒന്നും റണ്‍സെടുത്തു. എന്നാല്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടിടത്ത് ഏകദിന നായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റം വിരാട് കോഹ്‌ലി അതിഗംഭീരമാക്കി. 105 പന്തില്‍ നിന്ന് 122 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. എട്ട് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെയായിരുന്നു നായകന്റെ ഇന്നിംഗ്‌സ്.

നായക സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിയും ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിംഗും കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. എന്നാല്‍ മധ്യനിരതാരം കേദാര്‍ യാദവ് എല്ലാവരെയും ഞെട്ടിച്ചു. 120 റണ്‍സാണ് കേദാര്‍ യാദവ് അടിച്ചുകൂട്ടിയത്. 76 പന്തില്‍ 12 ബൗണ്ടറികളും 4 സിക്‌സറുമടക്കമാണ് കേദാര്‍ യാദവിന്റെ സെഞ്ച്വറി.

മധ്യനിരയില്‍ അവസാനമായി എത്തിയ ഹര്‍ദിക് പാണ്ഡ്യയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 37 പന്തില്‍ നിന്ന് നേടിയ 40 റണ്‍സാണ് അവസാന നിമിഷങ്ങളില്‍ തുണയായത്. പതിനൊന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ 356 റണ്‍സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here