ലോകത്തെ ജനങ്ങളുടെ ആകെ സമ്പത്തിന്റെ പാതിയും കൈവശം വച്ചിരിക്കുന്നത് എട്ടുപേര്‍; ഇന്ത്യയിലെ 57 പേരുടെ സ്വത്ത് എ‍ഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന് തുല്യമെന്നും ഓക്സ്ഫാം

ദാവോസ്: ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയും കൈവശപ്പെടുത്തി വച്ചിരിക്കുന്നത് എട്ടു പേരെന്ന് ദാരിദ്ര്യനിര്‍മാര്‍ജന സംഘടനയായ ഓക്സ്ഫാമിന്‍റെ പഠനറിപ്പോര്‍ട്ട്. അതായത്, ലോകത്തെ അതിസമ്പനും സാധാരണക്കാരനും തമ്മിലുള്ള സമ്പത്തിലെ അന്തരം വളരെ വലിയതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് മുതല്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ് വരെയുള്ള എട്ടുപേരാണ് സമ്പത്തിന്‍റെ പാതിയും കൈവശം വച്ചിരിക്കുന്ന കുബേരന്‍മാര്‍. ഇന്ത്യയിലെ അമ്പത്തേ‍ഴു പേര്‍ കൈയില്‍ വച്ചിരിക്കുന്ന സമ്പത്ത് ആകെയുള്ള ജനങ്ങളുടെ എ‍ഴുപതുശതമാനത്തിന്‍റെ സമ്പത്തിനു തുല്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്വിറ്റ്സെര്‍ലന്‍ഡിലെ ദാവോസില്‍ ചേരുന്ന സമ്മേളനത്തിലാണ് ഓക്സ്ഫാമിന്‍റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. ഓരോ വര്‍ഷം കൂടുന്തോറും ലോകത്തു സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണെന്നും സമ്പന്നര്‍ മാത്രം കൂടുതല്‍  സമ്പന്നരായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലെ അസമത്വം തുടരുകയാണെങ്കില്‍ ജനങ്ങള്‍ അതൃപ്തരാകുന്നതു പെരുകുമെന്നും ലോകത്തെ രാഷ്ട്രീയ, ഭരണകൂടങ്ങളുടെ നിലനില്‍പിനുവരെ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ഡോളറില്‍ കുറവു പണം കൊണ്ടാണ് ലോകത്തെ പത്തിലൊരാള്‍ ജീവിക്കുന്നത്. അസമത്വം ആയിരക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ അകപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനാധിപത്യത്തിന് കടുത്തഭീഷണിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സാണ് ഫോബ്സ് പട്ടിക പ്രകാരം ലോകത്തെ അതിസമ്പന്നന്‍. 7500 കോടി ഡോളറാണ് ബില്‍ഗേറ്റ്സിന്റെ അനുമാനിക്കപ്പെടുന്ന ആസ്തി. ഇന്‍ഡിടെക് ഫാഷന്‍ ഹൗസിന്‍റെ സ്ഥാപനകന്‍ ആമാനികോ ഓര്‍ടിഗ, വാരന്‍ ബഫറ്റ്, മെക്സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം ഹെലു, ആമസോണ്‍ തലവന്‍ ജെഫ് ബിസോസ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഒറാക്കളിലെ ലാറി എല്ലിസണ്‍, ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗ് എന്നിവരാണ് യഥാക്രമം സമ്പത്തില്‍ ആദ്യത്തെ എട്ടു സ്ഥാനങ്ങളില്‍.

ഇന്ത്യയിലെ സമ്പത്തിന്‍റെ 70 ശതമാനം 58 പേരുടെ കൈയില്‍

ഇന്ത്യയിലെ സമ്പത്തിന്‍റെ 58 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിന്‍റെ കൈവശമാണുള്ളത്. ഇന്ത്യയിലെ 57 ശതകോടീശ്വരന്‍മാരുടെ പക്കലുള്ള സമ്പത്ത് രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന് തുല്യമാണ്. ഇന്ത്യയില്‍ മൊത്തം 84 ശതകോടിശ്വരന്‍മാരുണ്ടെന്നാണ് കണക്ക്. ഏകദേശം 20248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്. 1930 കോടി ഡോളറുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് ഷാംഗ്വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അതിസമ്പന്നര്‍.

ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തൊഴില്‍ വേതനത്തില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനമുണ്ടെന്നും ഓക്‌ഫോമിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News