ജയലളിതയെ വധിക്കാൻ 2011-ൽ പദ്ധതിയിട്ടു; നീക്കം തടഞ്ഞത് ഞങ്ങൾ; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരൻ

ചെന്നൈ: ജയലളിതയെ വധിക്കാൻ 2011-ൽ പദ്ധതി തയ്യാറാക്കിയിരുന്നതായി ശശികലയുടെ സഹോദരൻ ദിനകരന്റെ വെളിപ്പെടുത്തൽ. അന്നു താനും സഹോദരി ശശികലയുമാണ് ആ നീക്കം തടഞ്ഞതെന്നും അല്ലെങ്കിൽ അമ്മ അന്നു തന്നെ കൊല്ലപ്പെട്ടേനെ എന്നും ദിനകരൻ വ്യക്തമാക്കി. എന്നാൽ, ആരാണ് ജയലളിതയെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയതെന്നു വെളിപ്പെടുത്താൻ ദിനകരൻ തയ്യാറായില്ല. അമ്മയെ കൊല്ലാൻ ശശികല സ്ലോ പോയിസൺ കൊടുത്തെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് ദിനകരന്റെ വെളിപ്പെടുത്തൽ.

പൊങ്കൽ ആഘോഷവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന ഒരു പരിപാടിയിലാണ് ദിനകരന്റെ വെളിപ്പെടുത്തൽ. 2011-ൽ ജയലളിതയെ വധിക്കാൻ ചിലർക്ക് പദ്ധതിയുണ്ടായിരുന്നെന്നു ദിനകരൻ പറഞ്ഞു. എന്നാൽ ഞങ്ങളാണ് ഈ നീക്കം തടഞ്ഞത്. ഞങ്ങൾ തടഞ്ഞതിനാൽ അമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല. ഞങ്ങൾക്ക് ഒരു ഗൂഢോദ്ദേശവുമില്ലെന്നും ദിനകരൻ പറഞ്ഞു. എന്നാൽ, ആരാണ് ജയലളിതയെ വധിക്കാൻ പദ്ധതി തയ്യാറാക്കിയതെന്ന് ദിനകരൻ വെളിപ്പെടുത്തിയില്ല.

ശശികലയ്ക്കും എഐഎഡിഎംകെയുടെ രണ്ടാംനിര നേതാക്കൾക്കും വധഭീഷണിയുണ്ടെന്നു ദിനകരൻ പറയുന്നു. എഐഎഡിഎംകെ സർക്കാർ ജനുവരിയിൽ താഴെപ്പോകുമെന്ന് ചിലർ പ്രവചിച്ചു. എന്നാൽ അമ്മ സർക്കാർ ഇപ്പോഴും അധികാരത്തിൽ തുടരുകയാണെന്നും ദിനകരൻ പറഞ്ഞു. ഞങ്ങൾ ഇന്നലത്തെ മഴയിൽ കുരുത്ത കൂണുകളല്ല. ഞങ്ങൾ രാഷ്ട്രീയത്തിൽ പുതിയതല്ല. എഐഎഡിഎംകെയുടെ വളർച്ചയിൽ തങ്ങളും പങ്കുവഹിച്ചിട്ടുണ്ടെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

എട്ടു മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ തന്റെ സംഭാവനകൾ വിവരിക്കാനും ശശികലയുടെ ഭർത്താവ് നടരാജനെ പുകഴ്ത്താനും ദിനകരൻ സമയം കണ്ടെത്തി. 2011-ൽ ജയലളിതയെ വധിക്കാൻ ശശികല പദ്ധതി തയ്യാറാക്കിയതായി തെഹൽകയാണ് വാർത്ത പുറത്ത് കൊണ്ടുവന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശശികലയെ, ജയലളിത പോയസ് ഗാർഡനിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ മരണം വരെ ഇതേക്കുറിച്ച് പരസ്യമായ പ്രതികരണം നടത്താൻ ജയലളിത തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News