സി.കെ പത്മനാഭനെതിരെ ബിജെപി നടപടി എടുത്തേക്കില്ല; വിശദീകരണം തേടാൻ തീരുമാനം; പൊതുപരിപാടികളിൽ നിന്നു വിലക്കണമെന്നു നേതൃയോഗം

കോട്ടയം: ചെഗുവേരാ പരാമർശത്തിൽ സി.കെ പത്മനാഭനെതിരെ ബിജെപി നടപടി എടുത്തേക്കില്ല. സി.കെ പത്മനാഭനോട് വിശദീകരണം ചോദിക്കാനാണ് കോർകമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. പരാമർശത്തിൽ വിശദീകരണം നൽകണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സികെപിയോട് ആവശ്യപ്പെടും. വിശദീകരണം രേഖാമൂലം എഴുതി നൽകണമെന്നും സികെപിക്കു പാർട്ടി നിർദേശം നൽകി.

അതേസമയം പത്മനാഭന്റെ വിശദീകരണം തള്ളാനും കൊള്ളാനുമാകാതെ കുഴങ്ങുകയാണ് കോർ കമ്മറ്റിയിൽ പാർട്ടി നേതൃത്വം. ചെഗുവേരയെ കുറിച്ച് അറിയുകയും വായിക്കുകയും വേണമെന്നാണ് ഉദ്ദേശിച്ചതെന്ന് സികെപി കോർ കമ്മറ്റിയിൽ വ്യക്തമാക്കി. സികെപിയുടെ വിശദീകരണത്തോടു സംസ്ഥാന കൗൺസിൽ യോഗത്തിൽ കുമ്മനം രാജശേഖരൻ നിലപാട് വ്യക്തമാക്കും.

ദേശീയസമിതി അംഗമായ പത്മനാഭനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനും ബിജെപിയിൽ നീക്കമുണ്ട്. ബിജെപി സംസ്ഥാന സമിതിയായിരിക്കും പരാതി നൽകുക. പാർട്ടിയെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ നടത്തി എന്നാരോപിച്ചായിരിക്കും പരാതി നൽകുക. അതേസമയം, സികെപിയെ പൊതുപരിപാടികളിൽ നിന്ന് വിലക്കാനും നീക്കം നടക്കുന്നുണ്ട്.

വിലക്കണമെന്ന ആവശ്യവും കോർകമ്മിറ്റിയിൽ ഉയർന്നു. സികെപി പരിപാടികളിൽ പങ്കെടുത്താൽ പ്രവർത്തകർ പരസ്യമായി വിചാരണ ചെയ്യുന്ന അവസ്ഥ ഉണ്ടാകുമെന്നു യോഗത്തിൽ വാദം ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here