ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് വിശാലസഖ്യം; ഒന്നിച്ചു മത്സരിക്കുമെന്നു ഗുലാം നബി ആസാദ്; ഷീല ദിക്ഷിത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ല

ലഖ്‌നൗ/ദില്ലി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ വിശാലസഖ്യം രൂപീകരിച്ചു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് വിശാലസഖ്യത്തിനു പച്ചക്കൊടി കാണിച്ചത്. തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുമെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. ആരൊക്കെ സ്ഥാനാർത്ഥികളാകണം, മണ്ഡലങ്ങൾ ഏതെല്ലാം, സ്ഥാനാർത്ഥി പട്ടിക എപ്പോൾ പുറത്തിറക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കും.

ബിജെപി, ബിഎസ്പി ഇതര കക്ഷികളുമായുള്ള വിശാല സഖ്യചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി ഗുലാംനബി ആസാദ് പറഞ്ഞു. സഖ്യം രൂപീകരിച്ചതോടെ ഷീല ദിക്ഷിത് കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ഒഴിഞ്ഞു. 125 സീറ്റുകൾ വരെ നൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. 90 വരെ സീറ്റുകൾ വരെ നൽകാമെന്നു എസ്പി സമ്മതിച്ചതായാണ് സൂചന.

കോൺഗ്രസ്, ജെഡിയു, തൃണമൂൽ, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദൾ, അപ്നാദളിലെ കൃഷ്ണ പട്ടേൽ വിഭാഗം എന്നിവരുമായി ചേർന്ന് ബിഹാർ മാതൃകയിൽ സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലോക്ദളിന് 20 മുതൽ 22 വരെ സീറ്റ് നൽകും. അതിനിടെ, പിതാവ് മുലായം സിംഗ് യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്.

തെരഞ്ഞെടുപ്പിൽ അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടി ചിഹ്നമായ സൈക്കിൾ അഖിലേഷിന് നൽകാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കോടതിയിൽ പോരാടുമെന്ന് മുലായം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിംഗ് യാദവിന്റെ അടുത്ത രാഷ്ട്രീയനീക്കം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here