രാധിക വെമുലയടക്കം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു; രോഹിത് വെമുല ശഹാദത്ത് ദിനത്തില്‍ എച്ച്‌സിയു ക്യാമ്പസില്‍ പൊലീസ് അഴിഞ്ഞാട്ടം; പ്രതിഷേധം ശക്തം

ഹൈദരബാദ്: ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസിലെ രോഹിത് വെമുല അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ പൊലീസ് അതിക്രമം. ക്യാമ്പസിന്റെ മുന്‍ഗേറ്റില്‍ നടന്ന അനുസ്മരണയോഗത്തില്‍ പങ്കെടുത്ത രാധിക വെമുലയടക്കം 18 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതില്‍ ഒന്‍പത് പേര്‍ വിദ്യാര്‍ഥികളാണ്. ഗാച്ചിബൗളി പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയണക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിന് പുറത്ത് പ്രതിഷേധം തുടരുകയാണ്.

അനുസ്മരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രണ്ട്‌ലൈന്‍ മാധ്യമപ്രവര്‍ത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസില്‍ അതിക്രമിച്ചു കടന്നുവെന്ന പരാതിയില്‍ ഫ്രണ്ട്‌ലൈന്‍ ആന്ധ്ര/തെലുങ്കാന റിപ്പോര്‍ട്ടര്‍ ശങ്കറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ശങ്കറിനെ ഗാച്ചിബൗളി പൊലീസ് വിട്ടയച്ചു.

രോഹിത് വെമുല ശഹാദത്ത് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ദില്ലി ജെഎന്‍യു ക്യാമ്പസിലടക്കം നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ബീഹാറിലും ബംഗളൂരുവിലും വിദ്യാര്‍ഥി-മനുഷ്യാവകാശ സംഘടനകള്‍ പരിപാടികള്‍ സംഘടിപ്പിച്ചു. വന്‍ പൊലീസ് സന്നാഹത്തെയാണ് ക്യാമ്പസുകളില്‍ വിന്യസിച്ചിരിക്കുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന അനുസ്മരണപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പുറത്തുനിന്നുള്ള അതിഥികളെ വിസി വിലക്കിയിരുന്നു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ എന്നിവര്‍ക്കാണ് സര്‍വകലാശാല വിസി വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here