മദ്യപിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമല്ലെന്നു ഹൈക്കോടതി; മദ്യനയത്തിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ യുവാവിനു തിരിച്ചടി

കൊച്ചി: മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശത്തിൽ പെട്ടതല്ലെന്നു കേരള ഹൈക്കോടതി വിധിച്ചു. സർക്കാരിന്റെ മദ്യനയത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ യുവാവിനു ഹൈക്കോടതി വിധി തിരിച്ചടിയായി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. വിഷയത്തിൽ അപെക്‌സ് കോടതി വിധി അംഗീകരിക്കുന്നതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എം.എസ് അനൂപ് എന്നയാളാണ് മദ്യനയം മദ്യപിക്കാനുള്ള മൗലികാവകാശം ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ മദ്യപിക്കാനുള്ള സ്വാതന്ത്യം മൗലികാവകാശങ്ങളിൽ പെടില്ലെന്നും അതിനാൽ ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥയേ ഇല്ലെന്നും ഹൈക്കോടതി വിധിച്ചു. ഘട്ടംഘട്ടമായി പോലും മദ്യം നിരോധിക്കുന്നതിന് സർക്കാരിനെ അധികാരം നൽകുന്ന പ്രൊവിഷൻ അബ്കാരി നിയമത്തിൽ ഇല്ലെന്നു അനൂപ് വാദിച്ചു. എന്നാൽ, അപെക്‌സ് കോടതി ഇതുസംബന്ധിച്ച നയം സ്ഥിരീകരിച്ചതാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യം വ്യക്തമാക്കി സിംഗിൾ ബെഞ്ച് അനൂപിന്റെ പരാതി തള്ളിയിരുന്നു. നേരത്തെ തനിക്കെതിരെയുണ്ടായ വിധിക്ക് മേൽ അപ്പിലുമായിട്ടായിരുന്നു അനൂപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. മദ്യപിക്കുക എന്നത് വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണെന്ന് ഈ വിധിയിൽ ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു പറയുന്നു. ആർട്ടിക്കിൾ 21ന് ഉദാരമായ പരിഗണന കോടതികൾ നൽകിയിട്ടുണ്ട്. ആർട്ടിക്കിളിനെ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് നിയമം മൂലം നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെടുന്നു.

മദ്യപിക്കാനുള്ള അവകാശം സ്വകാര്യതയ്ക്കുള്ള അവകാശത്തിലെ ഒന്നു മാത്രമാണെന്നു കോടതി വിധിച്ചു. അതിന് യുക്തിസഹമായ നിയന്ത്രണങ്ങൾ എപ്പോഴും ഉണ്ടാകണം. ഇന്നു ധാർമികമായി നിന്ദ്യവും സാമൂഹികമായി സ്വീകാര്യമല്ലാത്തതൊന്നും നാളെ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ അനൂപ് തികച്ചും അപക്വമായിട്ടാണ് നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും ജസ്റ്റിസുമാർ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News