കണ്ണൂരിൽ ഹർത്താൽ ദിനത്തിൽ ബിജെപി അഴിഞ്ഞാട്ടം; കലോത്സവത്തിനെത്തിയ വാഹനങ്ങൾ തടഞ്ഞു; കലോത്സവവേദിക്കു സമീപം ബോംബേറ്; സിഐടിയു ഓഫീസിനു നേരെ കല്ലേറ്

കണ്ണൂർ: കണ്ണൂരിൽ ഹർത്താലിന്റെ മറവിൽ ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ബിജെപി ഹർത്താലിൽ സംഘർഷമുണ്ടായി. പൊലീസിനെയും മാധ്യമപ്രവർത്തകർക്കു നേരെയും ബിജെപി അക്രമം അഴിച്ചുവിട്ടു. ഹർത്താലിന്റെ മറവിൽ ബിജെപി പ്രവർത്തകർ നഗരത്തിൽ അഴിഞ്ഞാടുകയായിരുന്നു. കലോത്സവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചിരുന്നെങ്കിലും കലോത്സവത്തിനെത്തിയ വാഹനങ്ങളെ പോലും വെറുതെ വിട്ടില്ല. കലോത്സവത്തിനെത്തിയ വാഹനങ്ങളും ബിജെപിക്കാർ തടഞ്ഞു.

കലോത്സവം അലങ്കോലപ്പെടുത്താൻ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തി. കലോത്സവത്തിന്റെ പ്രധാനവേദിക്ക് സമീപം വ്യാപകമായ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആർഎസ്എസ് സംഘം പൊലീസിനുനേരെ ബോംബെറിഞ്ഞു. ബിജെപി ഹർത്താലിനെ തുടർന്ന് നടത്തിയ പ്രകടനത്തിനിടെയാണ് ബോംബുമായെത്തിയ സംഘം അഴിഞ്ഞാടിയത്.

പഴയ ബസ്ന്റാന്റിന് സമീപം എൻജിഒ യൂണിയൻ ബിൽഡിംഗിനുനേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേശാഭിമാനി ബ്യൂറോ ഓഫീസിന്റെ ചില്ല് തകർത്തു. കലോത്സവത്തിന്റെ ബോർഡും ബാനറുകളും സിപിഐഎം പ്രചരണ ബോർഡുകളും സിഐടിയു കെടിമരവും തല്ലിത്തകർത്തു.

ഹർത്താലിൽ നിന്നു ജനങ്ങൾക്ക് ആശ്വാസം നൽകാൻ അവശ്യ സർവീസ് നടത്തുകയായിരുന്ന വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവർത്തകർ തടഞ്ഞത്. പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഹർത്താൽ അനുകൂലികൾ പൊലീസിനെ കയ്യേറ്റം ചെയ്തു. ഈസമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കു നേരെയും കയ്യേറ്റമുണ്ടായി. ബിജെപിക്കാർ റോഡിൽ കുത്തിയിരുന്നു റോഡ് ഉപരോധിച്ചു.

തളിപ്പറമ്പിൽ ബിജെപി പ്രകടനത്തിനിടെ സിഐടിയു ഓഫീസിനു നേർക്ക് കല്ലേറുണ്ടായി. പ്രധാന റോഡിലെ സിഐടിയു ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫിസിന്റെ രണ്ട് ഗ്ലാസുകൾ തകർന്നു.

സംഘര്‍ഷത്തിന്‍റെ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News