അനർഘയുടെ ഈ വിജയം മുഖ്യമന്ത്രി പിണറായിക്കുള്ളതാണ്; പിണറായി വിജയന്റെ കരുതലിന്; പണം നൽകി സഹായിച്ച സ്‌നേഹത്തിന്

കണ്ണൂർ: സകല പ്രതിബന്ധങ്ങളെയും അതിജീവിച്ച് നേടിയ അനർഘയുടെ ഈ വിജയം അവൾ സമർപിക്കുന്നതു മറ്റാർക്കുമല്ല. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനാണ്. അനർഘയുടെ ആ കത്തിൽ മുഖ്യമന്ത്രി പിണറായി ഇടപെട്ടതു കൊണ്ടാണ് അവൾക്ക് ഭീഷണിക്കാരെ അവഗണിച്ച് ചിലങ്ക കെട്ടാനായത്. ഭീഷണിക്കൊപ്പം സാമ്പത്തിക പരാധീനത മുന്നിൽ വന്നു പല്ലിളിച്ചപ്പോൾ അവിടെയും സഹായഹസ്തവുമായി മുഖ്യമന്ത്രി എത്തി. അങ്ങനെ മാഫിയ ‘അനർഹ’യാക്കാൻ നോക്കിയ അനർഘയെ കലോത്സവ വേദിയിൽ എത്തിച്ചത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കരുതൽ ഒന്നുമാത്രം.

അത്രയും കരുതലോടെ തന്നെ കലോത്സവത്തിനെത്തിച്ച മുഖ്യമന്ത്രി പിണറായിക്കല്ലാതെ മറ്റാർക്കാണ് അനർഘ ഈ വിജയം സമ്മാനിക്കേണ്ടത്. അഴിച്ചുവെച്ച ചിലങ്ക തിരികെയണിഞ്ഞെത്തി നേടിയ ഒന്നാംസ്ഥാനം കാൽചുവട്ടിലർപിക്കാൻ ചമയങ്ങൾ പോലും അഴിക്കാതെ അനർഘ പിണറായിയിലേക്കാണ് നേരെ പോയത്.

അച്ഛനും അമ്മയും മരിച്ച അനർഘയ്ക്ക് അവർക്കും വളർത്തി വലുതാക്കിയ അമ്മാവനും ഒപ്പമാണ് ഇന്നു പിണറായിയുടെ സ്ഥാനം. കേരളനടനത്തിൽ ഒന്നാമതെത്തിയ അനർഘയ്ക്കു താൻ കലോത്സവത്തിനെത്തിയതിനെ കുറിച്ച് പറയാൻ ഒരു വലിയ കഥയുണ്ട്. പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ. കഴിഞ്ഞ കലോത്സവത്തിലുൾപ്പെടെ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ അനർഘയെ കലോത്സവ മാഫിയകളിൽ ചിലർ നേരിട്ടു തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ ലോകായുക്തയുടെ ഉത്തരവിലൂടെയാണ് ഈ കൊച്ചുമിടുക്കി സംസ്ഥാന കലോത്സവത്തിനെത്തിയത്.

ഇത്തവണ ഉപജില്ലയിൽ തന്നെ പുറത്താക്കും എന്നായിരുന്നു മാഫിയയുടെ ഭീഷണി. ഇതു മാഫിയ പ്രാവർത്തികമാക്കുകയും ചെയ്തു. അപ്പീലിനും സാധ്യതയില്ലാതെ വഴികളെല്ലാം അടഞ്ഞപ്പോൾ സ്പീഡ് പോസ്റ്റിൽ അനർഘ പിണറായി വിജയന് ഒരു കത്തെഴുതി. കത്ത് കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി കുട്ടിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ വിശദമായി തിരക്കി.

അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ മുഖ്യമന്ത്രി സംഭവത്തിൽ ഇടപെട്ടു. നേരിട്ട് ഇടപെടാൻ പറ്റാത്ത കേസായതിനാൽ ബാലാവകാശ കമ്മിഷനെ സമീപിക്കാൻ ഏർപാടുണ്ടാക്കി. അപ്പീലായതിനാൽ കെട്ടിവെയ്‌ക്കേണ്ട 5000 രൂപ കണ്ടെത്തുന്നതിനായി ഇവർ വിഷമിക്കുന്നതറിഞ്ഞ് മുഖ്യമന്ത്രി സഹായഹസ്തം നീട്ടി. ആ പണം മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി. ബുധനാഴ്ച രാവിലെ വേദിയിലെത്തേണ്ട അനർഘയ്ക്ക് മത്സരിക്കാൻ ഉത്തരവ് കിട്ടുന്നത് ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്ക്. ഒൻപതിന് കണ്ണൂരിന് പുറപ്പെടേണ്ട സ്വകാര്യ ബസ്സും അനർഘയ്ക്കായി കാത്തുനിന്നു. അങ്ങനെ എല്ലാ യാത്രക്കാരുടെയും അനുഗ്രഹവും കൂടി ഒപ്പംചേർത്ത് രാവിലെ കണ്ണൂരിൽ വന്നിറങ്ങി നേരെ സ്റ്റേജിലേക്ക്. അരങ്ങു തകർത്ത ഗംഭീര പ്രകടനത്തിനൊടുവിൽ ഒന്നാം സ്ഥാനവും.

അനർഘയ്ക്ക് ഒരു വയസ്സ് കഴിഞ്ഞയുടൻ അവളെ തനിച്ചാക്കി പോയതാണ് അമ്മ ഇന്ദിര. ആറുമാസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ സനൽകുമാറും പോയി. പിന്നീട് അമ്മാവൻ രാധാകൃഷ്ണ മേനോന്റെ സംരക്ഷണയിലാണ് പഠനത്തിലും കലയിലും മികവുപുലർത്തുന്ന കുട്ടിയുടെ ജീവിതം. ഓട്ടോഡ്രൈവറായ രാധാകൃഷ്ണൻ തന്റെ രണ്ട് പെൺമക്കൾക്കൊപ്പം മൂത്ത മകളായി, വാടകവീട്ടിൽ അനർഘയെ വളർത്തുന്നു.

അനർഘയുടെ ജീവിതകഥകൾ എല്ലാം അറിയുന്ന ഗുരു അജയൻ പേയാട് സൗജന്യമായാണ് അനർഘയെ അഭ്യസിപ്പിക്കുന്നത്. കണ്ണൂരിൽ നിന്ന് മടങ്ങും മുൻപ് അനർഘയ്ക്ക് ആഗ്രഹമുണ്ടായിരുന്നു പിണറായി എന്ന രക്ഷകന്റെ നാട് കാണണമെന്ന്. വേഷവും ചമയവും അഴിക്കാതെതന്നെ അവൾ പിണാറായിയിലെത്തി. പിണറായി പുഴയെന്ന കാളിപ്പുഴ കണ്ട് തെളിഞ്ഞ് നിറഞ്ഞ് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here