ജെല്ലിക്കെട്ട് നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കുമെന്നു പനീർസെൽവം; തമിഴ്‌നാട്ടിൽ ട്രെയിനുകൾ തടയുന്നു; എ.ആർ റഹ്മാൻ ഇന്നു നിരാഹാരമിരിക്കും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം വ്യക്തമാക്കി. ഓർഡിനൻസ് രാഷ്ട്രപതിയുടെ ഒപ്പോടു കൂടി നിയമമാക്കും. അടുത്ത ദിവസം തന്നെ ഓർഡിനൻസിന്റെ കരട് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും അയച്ചു കൊടുക്കും. ജെല്ലിക്കെട്ട് നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ഓർഡിനൻസ് ഇറക്കുക. ഇക്കാര്യത്തിൽ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പനീർസെൽവം അറിയിച്ചു. അതേസമയം ഓർഡിനൻസ് ഇറങ്ങാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നു മറീന ബീച്ചിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ അറിയിച്ചു.

അടുത്ത രണ്ടുദിവസത്തിനകം തന്നെ ഓർഡിനൻസ് നിയമമാകുമെന്നു പ്രതീക്ഷിക്കുന്നതായി പനീർസെൽവം അറിയിച്ചു. കേന്ദ്രം ഓർഡിനൻസിനു അംഗീകാരം നൽകുമെന്നു തന്നെയാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ രണ്ടു ദിവസത്തിനകം ജെല്ലിക്കെട്ട് നടത്താനാകുമെന്നും പനീർസെൽവം പ്രത്യാശ പ്രകടിപ്പിച്ചു. അതുകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കണമെന്നു അദ്ദേഹം മറീന ബീച്ചിൽ തടിച്ചുകൂടിയിരിക്കുന്ന പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ, ഓർഡിനൻസ് നിയമമായി ജെല്ലിക്കെട്ടിനു അനുമതി ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

അതേസമയം, ചെന്നൈയിൽ സമരക്കാർ ട്രെയിൻ തടഞ്ഞു. ഡിഎംകെ ആണ് ട്രെയിൻ തടയൽ സമരം നടത്തിയത്. ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലായിരുന്നു ട്രെയിൻ തടയൽ സമരം. ചെന്നൈ മാംബലം റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ തടഞ്ഞത്. സമരം രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലേക്കു വ്യാപിക്കുകയാണ്. എ.ആർ റഹ്മാൻ നിരാഹാരം ഇരിക്കുകയാണ്. രജനികാന്ത് അടക്കം നടികർ സംഘത്തിലെ പ്രധാനികൾ മൗനധർണ നടത്താൻ ആലോചിക്കുന്നുണ്ട്. ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി പനീർസെൽവം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നെങ്കിലും ഇടപെടാനാകില്ലെന്നാണ് മോദി അറിയിച്ചത്.  

മാട്ടുപ്പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായുള്ള പരമ്പരാഗത കാള മെരുക്കൽ വിനോദമാണു ജെല്ലിക്കെട്ട്. ഇതു മൃഗപീഡനമാണെന്ന ‘പെറ്റ’ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ്) യുടെ പരാതിയിൽ 2014-ൽ ഇതു സുപ്രീം കോടതി വിലക്കി. ഇതിനെതിരായ തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ജെല്ലിക്കെട്ട് അനുവദിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച വിജ്ഞാപനം സ്‌റ്റേയിലുമാണ്.

ഇതോടെയാണ് അനുകൂല ഓർഡിനൻസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ.പനീർസെൽവം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത്. ആവശ്യത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ, സുപ്രീം കോടതി വിധിപറയാൻ മാറ്റിയ വിഷയത്തിൽ ഇടപെടാനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തുടർന്നാണ് പരമ്പരാഗത കായികവിനോദം എന്ന നിലയിൽ സംസ്ഥാന സർക്കാരിന് ഓർഡിനൻസ് ഇറക്കാനാകുമെന്ന് അറ്റോർണി ജനറൽ മുകുൾ റോത്തഗി ഉപദേശിച്ചത്. കാളകളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന ഉപാധിയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News