ഐ ഫോൺ തകർക്കാൻ ഒറ്റ എസ്എംഎസ് മതി; മൂന്നേ മൂന്ന് അക്ഷരമുള്ള ഒരു എസ്എംഎസ്

ആപ്പിൾ ഐ ഫോൺ തകർക്കാമോ എന്നു നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ നിസ്സംശയം പറഞ്ഞോളൂ. സാധിക്കും. വെറും ഒറ്റ എസ്എംഎസ്. മൂന്നക്ഷരമുള്ള ഒരു എസ്എംഎസ് കൊണ്ട് ഐഫോൺ നിസ്സംശയം തകർക്കാം. അത്തരത്തിലൊരു ബഗ് ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എവരിതിംഗ് ആപ്പിൾ പ്രോ യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. പഴയ ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളെയാണ് ഈ ബഗുകൾ പ്രധാനമായും ബാധിക്കുന്നത്.

രണ്ടു ഇമോജികളും ഒരു അക്ഷരവുമാണ് ഈ ബഗ്. വെളുത്ത ഫ് ളാഗിന്റെ ഇമോജിയാണ് ഒന്ന്. ഒപ്പം ‘O’ എന്ന അക്ഷരവും പിന്നെ മഴവിൽ ഇമോജിയും. മഴവിൽ ഇമോജി ക്രിയേറ്റ് ചെയ്യാനുള്ള ഐഒഎസിന്റെ പ്രവർത്തനങ്ങളാണ് ഈ ബഗിനെ സൃഷ്ടിക്കുന്നത്. ഔദ്യോഗിക ഇമോജി അല്ലെന്നതാണ് ബഗ് സൃഷ്ടിക്കപ്പെടാൻ കാരണം. സാധാരണഗതിയിൽ വൈറ്റ് ഫ് ളാഗ് ഇമോജിയും റെയിൻബോ ഇമോജിയും ലിങ്ക് ചെയ്തിട്ടാണ് ഐഒഎസ് റെയിൻബോ ഇമോജി സൃഷ്ടിക്കുന്നത്. ഇതിനു VS 16 എന്ന ഹിഡൻ കാരക്ടറും ഉപയോഗിക്കുന്നുണ്ട്.

എന്നാൽ, ഇവിടെയാകട്ടെ മേൽപറഞ്ഞ ‘O’ എന്ന അക്ഷരം മൂലം ഈ രണ്ടു ഇമോജികളും വേർതിരിക്കപ്പെടുന്നു. ഇത് ഐഫോണിന്റെ തകർച്ചയ്ക്കും വഴിവെക്കുമെന്നാണ് യൂട്യൂബ് വീഡിയോയിൽ പറയുന്നത്. പക്ഷേ അത്ര പേടിക്കാനൊന്നുമില്ല. കേവലം ഒരു നിമിഷത്തേക്കു മാത്രമാണ് ഈ ക്രാഷ് നിലനിൽക്കുക. അതിനു ശേഷം ഫോൺ സാധാരണഗതിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും. പക്ഷേ ഇത്തരം ഇമോജികൾ വരുമ്പോഴെല്ലാം ഈ പ്രശ്‌നം ഉടലെടുക്കും.

ഇതിൽ നിന്നു രക്ഷപ്പെടാൻ എളുപ്പ മാർഗം പുതിയ ഐഒഎസ് വേർഷനിലേക്കു അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. അഥവാ സ്റ്റോറേജ് പ്രശ്‌നം മൂലം അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാതെ വരുകയും ഒന്നിലധികം തവണ മെസേജുകൾ വരുകയും ചെയ്താൽ ആ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കും. മെസേജസ് ആപ്പ് ക്രാഷ് ചെയ്യുന്ന മറ്റൊരു ബഗും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഐക്ലൗഡ് ഡ്രൈവിൽ നിന്ന് അയയ്ക്കപ്പെടുന്ന വലിയ കോൺടാക്ട് ഫയൽ ആണ് ഈ ബഗ് സൃഷ്ടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here