ജീവന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യങ്ങളുടെ ഉള്ളറകള്‍ തുറന്ന് മെഡെക്സ്; വൈദ്യശാസ്ത്രത്തിന്‍റെ വിവിധ ലോകങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം കാണാന്‍ തിരക്കോടു തിരക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും ആയിരക്കണക്കിനാളുകള്‍ മെഡെക്സ് കാണാനായി എത്തുന്നുണ്ട്. പ്രവൃത്തിദിവസങ്ങളില്‍ വിവിധ കോളജുകളിലും സ്കൂളുകളിലും നിന്നുള്ള കുട്ടികള്‍ സംഘമായി എത്തുമ്പോള്‍ അവധിദിവസങ്ങളിലും വൈകുന്നേരങ്ങളിലും കുടുംബസമേതമുള്ള സന്ദര്‍ശകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

ഒരു ദിവസംകൊണ്ട് പ്രദര്‍ശനം കണ്ടുതീര്‍ക്കാനാകാത്തവര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമായി വീണ്ടും എത്തുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. 30 വര്‍ഷംവരെ പഴക്കമുള്ളതുള്‍പ്പെടെ രോഗബാധിതമായ ഒട്ടേറെ യഥാര്‍ഥ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പത്തോളജി മ്യൂസിയം, കണ്ണിന്റെയും വയറിന്റെയും മറ്റും പ്രവര്‍ത്തനം വിശദീകരിക്കുന്ന വര്‍ക്കിംഗ് മോഡലുകള്‍, ശസ്ത്രക്രിയാശാസ്ത്രം വിശദീകരിച്ചു നല്‍കുന്ന വിവിധ ഓപ്പറേഷന്‍ സജ്ജീകരണങ്ങള്‍, എക്മോ പോലുള്ള അത്യാധുനിക ചികില്‍സായന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം കാണാന്‍ വന്‍തിരക്കാണ്. സന്ദര്‍ശകര്‍ക്ക് ഓരോന്നും വിശദീകരിച്ചുകൊടുക്കാനായി മൂന്നു ഷിഫ്റ്റുകളിലായി എംബിബിഎസ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ ക്ഷീണം മറന്ന് പ്രവര്‍ത്തിക്കുന്നു.

എല്ലാ പവലിയനുകളും വിശദമായി കണ്ടിറങ്ങണമെങ്കില്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും സമയമെടുക്കും. ഓട്ടപ്രദക്ഷിണമാണെങ്കില്‍പോലും മൂന്നു മണിക്കൂര്‍ സമയം ചെലവഴിക്കാതെ മെഡെക്സ് കണ്ടുതീര്‍ക്കാനാകില്ല. മെഡിക്കല്‍ കോളജിന്റെ വിവിധ ബ്ലോക്കുകളിലായി രണ്ടുലക്ഷം ചതുരശ്രഅടി സ്ഥലത്ത് സജ്ജീകരിച്ചിട്ടുള്ള അന്‍പതിലേറെ പവലിയനുകളിലാണ് പ്രദര്‍ശനം നടക്കുന്നത്. വൈദ്യശാസ്ത്രവിദ്യാര്‍ഥികള്‍, നഴ്സിംഗ്- പാര മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ എന്‍ട്രന്‍സിനു തയ്യാറെടുക്കുന്നവര്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് പഠനത്തിന് ഏറെ സഹായിക്കുന്ന വിവരങ്ങളാണ് മെഡെക്സില്‍ ഉള്ളത്. മല്‍സരപരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്ക് ശരീര ഭാഗങ്ങളെപ്പറ്റി മനസ്സിലാക്കാനും വൈദ്യശാസ്ത്രത്തിലെ ചരിത്രസംഭവങ്ങളെപ്പറ്റി വിശദമായി അറിയാനും ഇവിടെ അവസരമൊരുക്കിയിരിക്കുന്നു.

100 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ്. പ്രദര്‍ശനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദര്‍ശനത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെയാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക. വൈകി അകത്ത് പ്രവേശിക്കുന്നവര്‍ക്ക് രാത്രി 10.30വരെ പ്രദര്‍ശനം ചുറ്റിനടന്നു കാണാം. ജനുവരി 31നാണ് പ്രദര്‍ശനം സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News