നിങ്ങള്‍ സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥിയാണോ; മാനേജ്‌മെന്റിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ; നിങ്ങള്‍ക്ക് തുറന്നു പറയാം #JusticeForJishnu ഫേസ്ബുക് പേജിലൂടെ

തിരുവനന്തപുരം : നിങ്ങള്‍ ഒരു സ്വകാര്യ – സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥിയാണോ. മാനേജ്‌മെന്റിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ. പീഡനങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ നിങ്ങളുടെ ദുരനുഭവങ്ങള്‍ പുറംലോകത്തെ അറിയിക്കാം, ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഫേസ്ബുക് പേജിലൂടെ.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണത്തോടെയാണ് സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ത്ഥി പീഡനം പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ പീഡനത്തിന് ഇരയായവര്‍ക്ക് സ്വന്തം ദുരന്തകഥ പുറംലോകത്തെ അറിയിക്കാന്‍ അവസരമൊരുങ്ങുന്നത്.

ദുരന്തത്തിനിരയായവര്‍ക്ക് സ്വന്തം അനുഭവം discoseyourdistress@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കാം. പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താതെ അത്തരം ദുരനുഭവങ്ങള്‍ ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഫേസ്ബുക് പേജില്‍ പ്രസിദ്ധീകരിക്കും.

സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുടെ പീഡനത്തിനിരയായവര്‍ക്ക് സ്വന്തം ദുരനുഭവങ്ങള്‍ പറയാം. ഇത്തരം അനുഭവങ്ങള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള സാധ്യതകള്‍ ഉപയോഗിച്ച് ആധികാരികത നല്‍കി പുറത്തുകൊണ്ടുവരാനാണ് ശ്രമമെന്നും ജസ്റ്റിസ് ഫോര്‍ ജിഷ്ണു ഫേസ്ബുക് പേജ് പറയുന്നു. ഫേസ്ബുക്കിലെ സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായ യുവാക്കളാണ് ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഫേസ്ബുക് പേജിലൂടെ ഇതിന് അവസരമൊരുക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ ഏറ്റവും ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നത് കേരളത്തിന് പുറത്തുള്ള സ്വാശ്രയ കോളജുകളില്‍നിന്നാണ്. കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി സ്വാശ്രയ സ്ഥാപനങ്ങളാണ് വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും അധികം പീഡനത്തിന് ഇരയാകുന്നത് തമിഴ്‌നാട്ടിലെ സ്വാശ്രയ കോളജുകളിലാണെന്നും ഫേസ്ബുക് കൂട്ടായ്മയുടെ സംഘാടകര്‍ പറയുന്നു.

അന്യസംസ്ഥാന സ്വാശ്ര ലോബികളുടെ കേരളത്തിലെ ഏജന്റുമാരാണ് വിദ്യാര്‍ത്ഥികളെ കുഴിയില്‍ ചാടിക്കുന്നത്. മികച്ച സൗകര്യങ്ങള്‍ ഉള്‍പ്പടെയുണ്ട് എന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് അഡ്മിഷന്‍ എടുപ്പിക്കുന്നത്. എന്നാല്‍ പറഞ്ഞ ഒരു സാഹചര്യങ്ങളും മിക്ക കോളജുകളിലും ഉണ്ടാകാറില്ല. അടിസ്ഥാന സൗകര്യങ്ങളോ ലാബോ ഹോസ്റ്റല്‍ സൗകര്യം പോലുമോ ഉണ്ടാകാറില്ലെന്നും ഫേസ്ബുകത് പേജിലൂടെ വെളിപ്പെടുത്തുന്നു.

കേരളത്തിലെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ വ്യക്തി എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നില്ല. അതിഭീകരമായ അവസ്ഥയിലാണ് കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ സദാചാര പൊലീസിംഗ് അരങ്ങേറുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലാണ് ഈ അഴിഞ്ഞാട്ടം എന്നതാണ് എറ്റവും വലിയ ദുരന്തം. റാഗിംഗിനേക്കാള്‍ വലിയ രീതിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാഗിംഗ് ഏല്‍ക്കേണ്ടിവരുന്നുണ്ട്.

മുഖത്ത് രണ്ട് രോമം അധികമായി വളര്‍ന്നാല്‍ ഷേവ് ചെയ്യാത്തതിനും ഐഡന്റിറ്റി കാര്‍ഡ് ധരിക്കാത്തതിനുമൊക്കെയാണ് വലിയ പിഴ ഈടാക്കുന്നത്. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഭൂരിപക്ഷവും ഇതാണെങ്കില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കേരളത്തിന് പുറത്തെ കോളജുകളില്‍ അരങ്ങേറുന്നതെന്നും പേസ്ബുക് പേജിന്റെ അഡ്മിന്മാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News