തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട്; മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും; നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്ന് യുവജന കൂട്ടായ്മകള്‍

ചെന്നൈ: മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട് നടക്കും. മധുരൈ ആളങ്കൂരില്‍ രാവിലെ പത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. അലങ്കാനെല്ലൂരിലും ആവണിപുരത്തും പാലമേട്ടിലുമാണ് ജല്ലിക്കെട്ട് നടക്കുന്നത്. 2500ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. മറ്റു സ്ഥലങ്ങളിലെ ജല്ലിക്കെട്ടുകള്‍ രാവിലെ 11ന് അതാതു ജില്ലകളിലെ മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. ജല്ലിക്കെട്ടിന്റെ ഭാഗമായി മധുരൈയിലേക്ക് റെയില്‍വേ പ്രത്യേക തീവണ്ടിയും ഏര്‍പ്പെടുത്തിയിരുന്നു.

ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചതോടെയാണ് ജല്ലിക്കെട്ടിന് കളമൊരുങ്ങിയത്. തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്നു ചെന്നൈയിലേക്കുള്ള യാത്രാമധ്യേ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹൈദരാബാദില്‍വച്ചാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് അദ്ദേഹം ചെന്നൈയിലെത്തുകയായിരുന്നു. ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു.

അതേസമയം, ഓര്‍ഡിനന്‍സിന് ആറുമാസ കാലാവധി മാത്രമാണെന്നും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യദിവസം തന്നെ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അറിയിച്ചു. എന്നാല്‍ നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭരംഗത്തുള്ള യുവജന വിദ്യാര്‍ഥി കൂട്ടായ്മകള്‍ പറയുന്നത്. അളങ്കാനെല്ലൂരില്‍ ജെല്ലിക്കെട്ടിന് തുടക്കം കുറിക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും ജനങ്ങളാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News