മധുരയിലെ ജല്ലിക്കട്ട് ഉപേക്ഷിച്ചു; നിയമനിര്‍മാണം വേണമെന്ന നിലപാടിലുറച്ച് പ്രക്ഷോഭകാരികള്‍; ചര്‍ച്ചകള്‍ പരാജയം; തെരുവില്‍ തമ്പടിച്ച് ആയിരങ്ങള്‍

മധുര: മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മധുരയില്‍ ഇന്ന് നടക്കാനിരിക്കുന്ന ജല്ലിക്കെട്ട് ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അളങ്കനല്ലൂരില്‍ നടത്താനിരുന്ന ജെല്ലിക്കെട്ട് ഉപേക്ഷിച്ചത്. ഓര്‍ഡിനന്‍സ് അല്ല, ജല്ലിക്കെട്ട് നടത്തിപ്പിന് നിയമം കൊണ്ടുവരണമെന്നാണ് അളകനെല്ലൂരിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് സ്ത്രീകളടക്കമുള്ളവര്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം ശക്തമാകുകയാണ്. പ്രദേശത്ത് ആയിരക്കണക്കിന് ആളുകള്‍ തമ്പടിച്ചിരിക്കുകയാണ്.

അളകനെല്ലൂരിലേക്കുള്ള വഴികളെല്ലാം തടസപ്പെടുത്തി കൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. റോഡ്, ട്രെയിന്‍ ഉപരോധവും തുടരുകയാണ്. ആവണിപുരത്തും പാലമേട്ടിലും ചെന്നൈ മറീനാ ബീച്ചിലും പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ പനീര്‍ശെല്‍വം മധുരൈയില്‍ വിളിച്ചു ചേര്‍ത്ത യോഗവും പരാജയപ്പെട്ടു.

ഇതിനിടെ തിരുച്ചിറപ്പള്ളി പുതുപ്പെട്ടിയില്‍ ജല്ലിക്കെട്ട് നടന്നു. 100 കാളകളാണ് രാവിലെ ആറു മുതല്‍ എട്ടു മണിവരെ നടന്ന ജല്ലിക്കെട്ടില്‍ പങ്കെടുത്തത്. ആയിരക്കണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

അതേസമയം, വിഷയത്തില്‍ വിധി പറയുന്നതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കി. കേസില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ വിധി പറയരുതെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. നേരത്തെ, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു.

ഓര്‍ഡിനന്‍സിന് ആറുമാസ കാലാവധി മാത്രമാണെന്നും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യദിവസം തന്നെ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അറിയിച്ചു. എന്നാല്‍ നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭരംഗത്തുള്ള യുവജന വിദ്യാര്‍ഥി കൂട്ടായ്മകള്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചതോടെയാണ് ജല്ലിക്കെട്ടിന് കളമൊരുങ്ങിയത്. തമിഴ്‌നാടിന്റെ ചുമതല വഹിക്കുന്ന വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്നു ചെന്നൈയിലേക്കുള്ള യാത്രാമധ്യേ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹൈദരാബാദില്‍വച്ചാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് അദ്ദേഹം ചെന്നൈയിലെത്തുകയായിരുന്നു. ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here