കോ‍ഴിക്കോടിന് കലാകിരീടം; പാലക്കാടിന്‍റെ ഹയര്‍ അപ്പീലുകള്‍ തള്ളി; സാമൂതിരിയുടെ നാട്ടിലേക്ക് കിരീടമെത്തുന്നത് 11-ാം തവണ; അടുത്ത കലോത്സവം തൃശൂരില്‍

കണ്ണൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം കോ‍ഴിക്കോടിന്. പതിനേ‍ഴരപ്പവന്‍റെ സ്വര്‍ണക്കപ്പ് സാമൂതിരിയുടെ നാട്ടിലെ കുട്ടികള്‍ തുടര്‍ച്ചയായ പതിനൊന്നാം തവണയും സ്വന്തമാക്കി.  പോയന്‍റ് നിലയില്‍ ഒന്നാമതെത്തിയെങ്കിലും പാലക്കാട് ജില്ല നല്‍കിയ ഹയര്‍ അപ്പീലുകള്‍ വിധി നിര്‍ണയിക്കുന്നതു വൈകിപ്പിച്ചു. ഒടുവില്‍ ഹയര്‍ അപ്പീലുകള്‍ എല്ലാം തള്ളിയതോടെയാണ് കോ‍ഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്. 19-ാം തവണയാണ് കോ‍ഴിക്കോട് ആകെ കിരീടം നേടുന്നത്.

എല്ലാ മത്സര ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ 939 പോയിന്റുമായാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് രണ്ടാം സ്ഥാനത്തായി. 936 പോയിന്റാണ് പാലക്കാട് നേടിയത്. ആതിഥേയരായ കണ്ണൂര്‍ 933 പോയിന്റോടെ മൂന്നാമതെത്തി. മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമുള്ള രണ്ട് അപ്പീലുകളാണ് കോഴിക്കോടിന് കിരീടമുറപ്പിച്ചത്.

അവസാന ഇനമായ വഞ്ചിപ്പാട്ടില്‍ ആകെ 32 ടീമുകളാണ് മത്സരിച്ചത്. എല്ലാ ടീമുകളും മത്സരത്തില്‍ എ ഗ്രേഡ് നേടുകയും ചെയ്തു. രണ്ട് അപ്പീലുകളിലാണ് ഫലം വരാനുണ്ടായിരുന്നത്. അവസാന ഫലവും വന്നതോടെ കോഴിക്കോട് കിരീടമുറപ്പിച്ചു. നൂറ്റിപ്പതിനേഴര പവന്‍ സ്വര്‍ണ്ണക്കപ്പാണ് സമ്മാനമായി ജേതാക്കള്‍ക്ക് ലഭിക്കുന്നത്. ഇനി തൃശൂരില്‍ കാണാമെന്ന് ഉപചാരം ചൊല്ലിയാണ് അതിഥികളും ആതിഥേയരും മത്സരാര്‍ത്ഥികളും അധ്യാപകരുമെല്ലാം വിടവാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here