വയലാര്‍ രക്തസാക്ഷി മണ്ഡപം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം; പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു; വൈകിട്ട് വയലാറില്‍ പ്രതിഷേധ പ്രകടനവും യോഗവും

ആലപ്പുഴ : വയലാര്‍ രക്തസാക്ഷിമണ്ഡപം ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മണ്ഡപം തകര്‍ക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് എന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് വയലാറില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും.

കഴിഞ്ഞ പുലര്‍ച്ചെയാണ് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണമുണ്ടായത്. മണ്ഡപത്തിന്റെ ഉരുക്കുഗ്രില്ലിനും ചുവരിനും നാശമുണ്ടായി. മതിലും തകര്‍ക്കാന്‍ ശ്രമിച്ചു. രാവിലെയാണ് ആക്രമണ വിവരം തിരിച്ചറിഞ്ഞത്. ഇതനുസരിച്ച് സിപിഐഎം – സിപിഐ നേതൃത്വം പൊലീസില്‍ പരാതി നല്‍കി.

പരാതി അനുസരിച്ച് ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ സ്വീകരിച്ചു. ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ആര്‍എസ്എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.

ആക്രമണ വിവരമറിഞ്ഞ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വയലാര്‍ രക്തസാക്ഷി മണ്ഡപം സന്ദര്‍ശിച്ചു. പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെയും സിപിഐയുടെയും ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ള പ്രമുഖ നേതാക്കളും സ്ഥലത്തെത്തി.

വയലാര്‍ രക്തസാക്ഷി മണ്ഡപം ആക്രമിച്ചതില്‍ പ്രതിഷേധം വ്യാപകമാണ്. ഇതിന്റെ ഭാഗമായി വൈകിട്ട് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും. സിപിഐഎമ്മും സിപിഐയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വയലാര്‍ മേഖലയില്‍ നിരന്തര സംഘര്‍ഷത്തിന് കുറച്ചുദിവസങ്ങളായി ആര്‍എസ്എസ് ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്ത്ത. സിപിഐം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രക്തസാക്ഷി മണ്ഡപം ആക്രമിക്കപ്പെട്ടത് എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News